രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം

വയനാട്: നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ബഹുസ്വരതയും അനന്തമായ വൈവിധ്യങ്ങളുമാണെന്നും വ്യത്യസ്തമായ സാംസ്‌കാരിക സവിശേഷതകളടങ്ങിയ രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കുന്നതിനുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പുതിയ കാലം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 74-ാമത് ജില്ലാതല റിപ്പബ്ലിക്ദിന പരേഡിന് വയനാട് കല്‍പ്പറ്റ എസ്.കെ..എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മാനവിക മൂല്യങ്ങളാല്‍ പ്രചോദിതമാണ് ഇന്ത്യന്‍ ഭരണഘടന. മതനിരപേക്ഷതയാണ് അതിന്റെ കേന്ദ്രബിന്ദു. ഒന്‍പത് ഔദ്യോഗിക മതങ്ങളുള്ള രാജ്യത്ത് ഏത് മതവിശ്വാസത്തില്‍ പെട്ടവനും ആ വിശ്വാസ പ്രമാണവുമായി മുന്നോട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യവും പൗരാവകാശവും ഭരണഘടനയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പ്രകടമായ വിവേചനവും ചൂഷണവും അസമത്വവും അസ്വാതന്ത്ര്യവും എന്നെന്നേക്കുമായി അവസാനിപ്പിക്കുമ്പോഴാണ് മൂല്യവത്തായ ഭരണഘടന നമ്മെ പ്രചോദിപ്പിക്കുന്നത്. ഭരണഘടനക്ക് അംഗീകാരമായ ശേഷം ഡോ.ബി.ആര്‍ അംബേദ്കര്‍ പറഞ്ഞത് ഭരണഘടന അംഗീകരിക്കുന്നതോടെ കൂടി രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടാന്‍ നാമിനും ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ടെന്നാണ്.

അരികുവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൈപിടിച്ചു കൊണ്ടുവരണം. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, പട്ടികജാതി- പട്ടികവര്‍ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി അധികാരത്തിന്റെ രാജപാതകളില്‍ നിന്ന് നീതിരഹിതമായി മാറ്റിനിര്‍ത്തപ്പെട്ടവരെ സാമൂഹിക ശാക്തീകരണത്തിലൂടെ മുന്നോട്ടു കൊണ്ടുവരുമ്പോഴാണ് ഭരണഘടന മുന്നോട്ടു വെക്കുന്ന മാനവികത യാഥാര്‍ഥ്യമാകുന്നത്. സ്ത്രീശക്തി എന്നതാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കേന്ദ്രവിഷയം തന്നെ.

തിരസ്‌കാരത്തിന്റെ വെളിമ്പറമ്പുകളില്‍ ജീവിക്കുന്ന, ചൂഷണത്തിന് വിധേയരാവുന്ന ജനവിഭാഗങ്ങള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് വേദനാജനകമാണ്. വയനാട് ജില്ലയില്‍ പിന്നാക്ക ജനവിഭാഗമായ ആദിവാസികളുടെ ഉന്നമനവും ശാക്തീകരണവും നമ്മുടെ പ്രാഥമികമായ ഉത്തരവാദിത്തമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ശാസ്ത്രബോധത്തെയും യുക്തി ചിന്തയെയും ഉണര്‍ത്തുന്നതാണ് നമ്മുടെ ഭരണഘടന. സമൂഹത്തിലെ അന്ധവിശ്വാസവും അനാചാരങ്ങളും അവസാനിപ്പിക്കണം. ശാസ്ത്രീയ ചിന്തയും യുക്തിബോധവും പുരോഗമന ചിന്തയുമുള്ള വിജ്ഞാന സമൂഹമാണ് കാലഘട്ടത്തിന്റെ ആവശ്യം. കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ഈ മൂല്യങ്ങളിലധിഷ്ഠിതമായ സമഭാവനയുടെ നവകേരള സൃഷ്ടിയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ബഹുസ്വരത കാത്തുസൂക്ഷിക്കാനും ഈ റിപ്പബ്ലിക് ദിനാഘോഷം പ്രചോദിതമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

ഉന്നത വിഭ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുത്ത പരേഡില്‍ മന്ത്രിയും ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മന്ത്രി ദേശീയ പതാക നിവര്‍ത്തി. ബാന്‍ഡ് ടീം കൂടാതെ 32 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പോലീസ് -മൂന്ന്, എക്‌സൈസ് -ഒന്ന്, ഫോറസ്റ്റ് – ഒന്ന്, എസ്.പി.സി.- 13, എന്‍.സി.സി – എട്ട്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് -നാല്, ജൂനിയര്‍ റെഡ്ക്രോസ്-രണ്ട് എന്നിവയുടെ പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്.

കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ് പരേഡ് കമാന്‍ഡറായിരുന്നു. വയനാട് ഡി.എച്ച്.ക്യു റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസനായിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡര്‍.

പത്മശ്രീ നേടിയ ചെറുവയല്‍ രാമനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

Share
അഭിപ്രായം എഴുതാം