ഇന്ത്യ- പാക് ആണവയുദ്ധം തടഞ്ഞത് യുഎസ്- പോംപിയോ

വാഷിങ്ടണ്‍: ഒരു ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയതാണെന്ന് യു.എസ്. മുന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. അന്ന് അമേരിക്ക നടത്തിയ സമയോചിത ഇടപെടലാണ് ആ ദുരന്തം ഒഴിവാക്കിയതെന്നും പോംപിയോയുടെ വെളിപ്പെടുത്തല്‍. അന്ന് രാത്രി അമേരിക്ക ചെയ്തതുപോലെ മറ്റൊരു രാജ്യവും ചെയ്തിട്ടുണ്ടാവില്ല. 2019 ഫെബ്രുവരി. കശ്മീരില്‍ 41 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രണം ഉണ്ടായതിനു പിന്നാലെപാക് അതിര്‍ത്തിയിലേക്ക് ഇന്ത്യ കടന്നാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടു. തിരിച്ച്, ഇന്ത്യന്‍ യുദ്ധവിമാനം വെടിവച്ചിട്ട പാകിസ്താന്‍ ഇന്ത്യന്‍ പൈലറ്റിനെ പിടികൂടി.
ഈ സമയം, യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിക്കായി ഹാനോയില്‍ ആയിരുന്നു പോംപിയോ. അന്നു തന്നെ ഉണര്‍ത്തിയത് ഒരു ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ അടിയന്തര കോള്‍ ആയിരുന്നെന്ന് ”നെവര്‍ ഗിവ് ആന്‍ ഇഞ്ച് എന്ന ഓര്‍മക്കുറിപ്പില്‍ പോംപിയോ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കെതിരേ പാകിസ്താന്‍ ആണവയുദ്ധത്തിന് ഒരുങ്ങുന്നു എന്നായിരുന്നു ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ വാക്കുകള്‍. തിരിച്ചടിക്ക് ഇന്ത്യയും നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ”ഒന്നും ചെയ്യരുത്. ഒറ്റ നിമിഷം ഞങ്ങള്‍ക്കു തരൂ. കാര്യങ്ങളെല്ലാം പരിഹരിക്കാം” എന്നാണ് മറുപടി നല്‍കിയതെന്നും പോംപിയോയുടെ കുറിപ്പിലുണ്ട്.

എതിര്‍പക്ഷം ആണവയുദ്ധത്തിനില്ലെന്ന നിലപാട് അന്ന് ഇന്ത്യയെയും പാകിസ്താനെയും ധരിപ്പിച്ചു വലിയൊരു ദുരന്തം തന്നെ ഒഴിവാക്കിയത് അമേരിക്കന്‍ നയതന്ത്ര വിദഗ്ധരാണ്. അന്നു രാത്രി ഞങ്ങള്‍ ചെയ്തത് മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ പറ്റുമായിരുന്നെന്ന് കരുതുന്നില്ലെന്നും പോംപിയോ കുറിച്ചു.

Share
അഭിപ്രായം എഴുതാം