ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സി ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച്. വിശദമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ഗവേഷണ സ്ഥാപനം അറിയിച്ചു. റിപോര്‍ട്ടിലെ ചോദ്യങ്ങള്‍ക്ക് ഗ്രൂപ്പിന് മറുപടിയില്ലെന്നാണ് ഹില്‍ഡെന്‍ബര്‍ഗ് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ, നിയമനടപടിക്ക് മുതിരുന്നതില്‍ കഴമ്പില്ലെന്നും ഗവേഷക സ്ഥാപന അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഹില്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ട റിപോര്‍ട്ടില്‍ ഗുരുതര ആരോപണമാണ് ഉള്ളടങ്ങിയിരുന്നത്. വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമത്വം നടക്കുന്നുവെന്നാണ് റിപോര്‍ട്ടിലെ ആരോപണം. അദാനി ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്ത ഏഴ് കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപോര്‍ട്ടിലുണ്ട്. മൗറീഷ്യസ്, യു എ ഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമത്വം നടത്തുന്നതെന്നാണ് ഹില്‍ഡെന്‍ബര്‍ഗ് റിപോര്‍ട്ട് ആരോപിക്കുന്നത്. റിപോര്‍ട്ട് പുറത്തുവന്നതോടെ, വിപണിയില്‍ അദാനി ഗ്രൂപ്പ് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന്, ഹില്‍ഡെന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഗ്രൂപ്പ് രംഗത്തെത്തി. ഇതിനെയാണ് റിസെര്‍ച്ച് ഗ്രൂപ്പ് തള്ളിക്കളയുന്നത്.
വിപണിയില്‍ കനത്ത തിരിച്ചടി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അദാനി ഗ്രൂപ്പിന് വിപണിയില്‍ കനത്ത തിരിച്ചടി. ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണത്തിന് ഒരുങ്ങിയ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 46,000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. ഇന്നലെ മാത്രം അഞ്ചു ശതമാനം ഇടിവ്. അദാനി വില്‍മര്‍, അദാനി പോര്‍ട്സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാന പവര്‍, എസിസി, അംബുജ സിമെന്റ് ഓഹരികള്‍ നഷ്ടത്തില്‍ കലാശിച്ചു.ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോട്ട് പുറത്ത് വന്നതിനു പിന്നാലെ അദാനി ഓഹരികള്‍ ഇടിഞ്ഞിരുന്നു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ചൊവ്വാഴ്ചയാണ് യു.എസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനി കമ്പനികളെക്കുറിച്ചുള്ള റിപ്പോര്‍ട് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനി പോര്‍ട്സ് 7.3 ശതമാനം, അദാനി എന്റര്‍പ്രൈസസ് 3.7 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍ 8.75 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 3.40 ശതമാനം, എസിസി 7.2 ശതമാനം, അംബുജ സിമന്റ് 9.7 ശതമാനം, അദാനി വില്‍മര്‍ 4.99 ശതമാനം, അദാനി പവര്‍ 4.99 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. അതേസമയം, ഫോളോ-ഓണ്‍ പബ്ലിക് ഓഫറിങ്ങിലൂടെ 20,000 കോടി രൂപ സമാഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസിന് കഴിഞ്ഞാല്‍, അത് രാജ്യത്തെ ഏറ്റവും വലിയ എഫ്.പി.ഒ ആയി മാറും. 2020 ജൂെലെയില്‍ എഫ്.പി.ഒ വഴി15,000 കോടി രൂപ സമാഹരിച്ച യെസ് ബാങ്കിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്.അതേസമയം, ബുദ്ധിപരമായി സാഹചര്യങ്ങള്‍ ഉപയോഗിച്ചാല്‍ അദാനി ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള നല്ല അവസരമാണ് ഇത് നല്‍കുന്നതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
വസ്തുതാവിരുദ്ധമെന്ന് അദാനി ഗ്രൂപ്പ്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരേ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ടില്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നു ഗൂപ്പ് വ്യക്തമാക്കി. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിങ്ങിന്റെ സമയത്ത് റിപ്പോര്‍ട്ട് വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ട്. തങ്ങളെ ബന്ധപ്പെടാനോ വസ്തുതകള്‍ പരിശോധിക്കാനോ ശ്രമിക്കാതെ ജനുവരി 24 ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടതായി അദാനി ഗ്രൂപ്പ് ആരോപിച്ചു. വസ്തുതാ വിരുദ്ധമെന്നു കണ്ട് കോടതികള്‍ നിരസിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പിന്റെ സല്‍പ്പേരിന് തുരങ്കം വയ്ക്കാനുള്ള ദുരുദ്ദേശ്യവുമാണ് ഇതിനു പിന്നില്‍. രാജ്യത്തെ എക്കാലത്തെയും വലിയ എഫ്.പി.ഒ ആണ് അദാനി ഗ്രൂപ്പ് നടത്താന്‍ പോകുന്നത്. വരാനിരിക്കുന്ന ഫോളോ-ഓണ്‍ പബ്ലിക് ഓഫറിങ്ങിനെ തകര്‍ക്കുക എന്നതാണ് ഈ റിപ്പോര്‍ട്ടിന് പിറകിലെ പ്രധാന ലക്ഷ്യം. സാമ്പത്തിക വിദഗ്ധരും പ്രമുഖ ദേശീയ, രാജ്യാന്തര പ്രമുഖരും തയ്യാറാക്കിയ വിശദമായ വിശകലനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ നിക്ഷേപക സമൂഹം എല്ലായ്പ്പോഴും അദാനി ഗ്രൂപ്പില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് സി.എഫ്.ഒ ജുഗേഷിന്ദര്‍ സിങ് പറഞ്ഞു.