ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി ആദിവാസി ഗോത്രവർഗ യുവതീയുവാക്കൾ. സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ തെലുങ്കാന, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഒറീസ, ജാർഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 200 ഗോത്രവർഗ യുവതീയുവാക്കളാണ് പങ്കെടുത്തത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംഘവുമായി ആശയവിനിമയം നടത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന പതിനാലാമത് ഗോത്രവർഗ വിനിമയ പരിപാടിയുടെ ഭാഗമായാണ് സംഘം കൊച്ചിയിലെത്തിയത്. ജനുവരി 22ന് കൊച്ചിയിലെത്തിയ സംഘം 29ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകും.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ആദിവാസി യുവതയെ ബോധവത്കരിക്കുകയും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ വിലമതിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ ഭാഷകൾ, സംസ്കാരം, ജീവിതശൈലി, വികസന പ്രവർത്തനങ്ങൾ തുറന്നുകാട്ടുക, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള അവരുടെ സമപ്രായക്കാരുമായി വൈകാരിക ബന്ധം വളർത്തിയെടുക്കാൻ പ്രാപ്തരാക്കുകയും അതിലൂടെ ആത്മാഭിമാനം വർദ്ധിപ്പിക്കാൻ ആദിവാസി യുവതയെ സഹായിക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് എട്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. കലൂർ റിന്യൂവൽ സെന്ററിലാണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത്.