ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടത് ചിന്ത ജെറോം തന്നെ, ധനവകുപ്പിന് നൽകിയ കത്തിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ചിന്തയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പായി. ചിന്ത കുടിശിക ആവശ്യപ്പെട്ട് കത്ത് നൽകിയത് പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്നാണ്. 22/8/2022 ൽ ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയച്ചു. ഈ കത്തിന്റെ  അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്. 2017 ജനുവരി മുതൽ  മുതൽ 2018 മെയ്  വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്.  ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുമുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവു ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളും നിലനിൽക്കെയാണ് ചിന്ത ജെറോം ശമ്പള കുടിശിക ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചതും. ലക്ഷങ്ങളുടെ കുടിശിക ചോദിച്ച് വാങ്ങുന്നതിലെ ഔചിത്യം ചര്‍ച്ചയായപ്പോൾ അങ്ങനെ ഒരു കത്തുണ്ടെങ്കിൽ പുറത്ത് വിടാൻ ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ചിന്ത നല്‍കിയ കത്ത് പുറത്തുവന്നതിനു ശേഷം പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല.

കുടിശിക അനുവദിച്ച് കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ ഇറക്കിയ  ഉത്തരവിൽ കാര്യങ്ങളെല്ലാം വ്യക്തമാണ്.   ചെയർ പേഴ്സണായി നിയമിതയായ 2016 ഒക്ടോബര്‍   മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.  അതിനാൽ 2016 ഒക്ടോബര്‍ മുതൽ മുതൽ2018 ജൂൺ വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈ പറ്റിയ തുകയും  യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള  കുടിശിക അനുവദിക്കണം.

ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 2022 ഓഗസ്റ്റിലെഴുതിയ കത്ത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. 2017 ജനുവരി മുതൽ  മുതൽ 2018 മെയ്  വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. 17 മാസത്തെ കുടിശിക മാസം 50000 രൂപ വച്ചാണ്  എട്ടര ലക്ഷം രൂപയെന്ന് കണക്കാക്കിയതും അത് അനുവദിച്ചതും.

Share
അഭിപ്രായം എഴുതാം