സെപ്തംബറിലോ ഒക്ടോബറിലോ വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന് തുറമുഖമന്ത്രി: പണി തീരാൻ ഒരു വര്‍ഷം കൂടിയെടുക്കും

തിരുവനന്തപുരം: 2023 സെപ്റ്റംബറിലോ ഒക്ടോബറിലോ വിഴിഞ്ഞത്ത് കപ്പലടുക്കുമെന്നും അത് പരീക്ഷണടിസ്ഥാനത്തിലായിരിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഒരു വര്‍ഷത്തിലധികം കഴിഞ്ഞാല്‍ മാത്രമേ തുറമുഖത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ രീതിയിലാകൂ എന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു.

സെപ്തംബറിലോ ഒക്ടോബറിലോ കപ്പലടക്കുമെന്ന് പറഞ്ഞ മന്ത്രി പണി എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയുന്നില്ല. ആദ്യ കപ്പല്‍ അടുത്ത ശേഷവും ഒരു വര്‍ഷത്തിലധികം വേണ്ടി വരും തുറമുഖം പൂര്‍ണമായി സജ്ജമാകാന്‍ എന്ന് പറയുന്നതിലൂടെ വിഴിഞ്ഞം പദ്ധതി ഒരുപാട് വൈകും എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. 60 ശതമാനത്തോളം പണി പൂര്‍ത്തിയായി എന്നാണ് മന്ത്രിയുടെ അവകാശവാദം.

കല്ലിന്റെ ക്ഷാമം നിലവിലില്ല. ഏഴ് പുതിയ ക്വാറികള്‍ക്ക് കൂടി ലൈസന്‍സ് കൊടുക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. കല്ല് കൂടുതല്‍ വേണ്ടി വരുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സമരം കാരണം നഷ്ടപ്പെട്ട ദിനങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്ത് തിരിച്ചുപിടിക്കുമെന്നും മന്ത്രി വിഴിഞ്ഞത്ത് അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

Share
അഭിപ്രായം എഴുതാം