ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ
വെടിവച്ചു കൊല്ലണമെന്ന് മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട്: ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരെ വിചാരണ കൂടാതെ വെടിവച്ച് കൊല്ലണമെന്ന് മുസ്ലിം ലീഗ് നേതാവ്. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യ്രദോഹികളാണ്. എന്‍. ഐ. എ. കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ വെടിവച്ച് കൊല്ലണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.വി.എം. വാണിമേല്‍ വ്യക്തമാക്കി. ജനം ടി വി നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു ഇത്തരമൊരു പ്രസ്താവന.

ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാന്‍ ഒരു മുസ്ലിമിനോടും ആരും കല്‍പ്പിച്ചിട്ടില്ല. അറബ് രാജ്യങ്ങളില്‍ പോലും ഇസ്‌ലാമിക ഭരണമില്ലാത്ത സാഹചര്യത്തില്‍ എങ്ങിനെയാണ് ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിക രാജ്യം ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ഒരു പദം പോലും ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തില്‍ ഇല്ലെന്നും മതത്തെ ചിലര്‍ രാഷ്ട്രീയവത്ക്കരിക്കുകയും കച്ചവടവത്ക്കരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനക്കെതിരേ ജമാ അത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമെല്ലാം രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളില്‍ വാണിമേലിനെതിരേ ശക്തമായ പ്രചരണമാണു നടക്കുന്നത്. ഹര്‍ത്താല്‍ ജപ്തി വംശീയ വേട്ടയാണെന്ന് മനസിലാക്കാത്തയാളാണ് ലീഗ് നേതാവെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം