ഇ.എസ്. സുഭാഷ് മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍

കൊച്ചി: കേരള മീഡിയ അക്കാദമിവൈസ് ചെയര്‍മാനായി ഇ.എസ്. സുഭാഷിനെ അക്കാദമി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തു. ദേശാഭിമാനി തൃശൂര്‍ യൂണിറ്റില്‍ ന്യൂസ് എഡിറ്ററാണ്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയാണ്.

കേരളത്തിലെ മാധ്യമപഠന മേഖലയെ പരിപോഷിപ്പിക്കുന്നതിന് അക്കാദമിയില്‍ മൂന്നു ചെയറുകള്‍ സ്ഥാപിക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. പി. ഗോവിന്ദപിള്ളയുടെ പേരില്‍ രാജ്യാന്തര പഠനം, ഗൗരി ലങ്കേഷിന്റെ പേരില്‍ ലിംഗനീതി പഠനം, ഇ. സോമനാഥിന്റെ പേരില്‍ പരിസ്ഥിതി പഠനം എന്നിവയ്ക്കായാണ് ചെയറുകള്‍ സ്ഥാപിക്കുക. എല്ലാ മാധ്യമ പഠന സ്ഥാപനങ്ങളിലും ഈ ചെയര്‍ മുഖേന വിദഗ്ധര്‍ ക്ലാസ് നടത്തും.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേര്‍ണലിസം അധ്യാപകനായിരുന്ന കെ. അജിത്തിനെയും അന്തരിച്ച മറ്റു മാധ്യമപ്രവര്‍ത്തകരെയും യോഗം അനുസ്മരിച്ചു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു.

Share
അഭിപ്രായം എഴുതാം