ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും: ഏകദിന ശിൽപശാല സംഘടിപ്പിച്ചു

ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ നൂതന ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റും ജില്ലാ ഭൂജല വകുപ്പ് ഓഫീസറുമായ ഡോ.എൻ സന്തോഷ് വിഷയാവതരണം നടത്തി. കുടിവെള്ള പദ്ധതികൾക്കായി കുഴൽക്കിണറുകളെ ഒഴിവാക്കി മഴവെള്ള സംഭരണികളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ശില്പശാല മുന്നോട്ടുവച്ചു. ഓരോ വർഷവും ജലനിരപ്പ് താഴ്ന്നു വരുന്നതായാണ് സർവ്വേ റിപ്പോർട്ട്. ഇത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉയർത്താൻ സാധിക്കുമെന്നും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളെ കണ്ടെത്തി പരിഹാരം കാണാൻ ഡാറ്റാ ശേഖരണത്തിലൂടെ കഴിഞ്ഞുവെന്നും ശിൽപശാലയിൽ അഭിപ്രായം ഉയർന്നു. ഡാറ്റാ ശേഖരണത്തിലെ സാങ്കേതിക മുന്നേറ്റവും ശില്പശാല പങ്കുവെച്ചു. 

ജലവിഭവങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട ആസൂത്രണത്തെക്കുറിച്ച് ശില്പശാലയിൽ വിശദീകരിച്ചു. ഭാവി തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന സമഗ്ര വികസനമാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. 2008ലെ സംസ്ഥാന ജലനയം ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജലശക്തി അഭിയാൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ  വകുപ്പുകൾക്കും ഹൈഡ്രോളജി ഡാറ്റാ ഉപയോഗിക്കുന്ന അംഗങ്ങൾക്കുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ഏകദിന ശിൽപശാല അഡീഷണൽ പോലീസ് സൂപ്രണ്ട് എ ജി ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ എം കെ ഉഷ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ, സോയിൽ സർവ്വേ അസി. ഡയറക്ടർ തോമസ് അനീഷ് ജോൺസൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഡോ. എൻ സന്തോഷ് സ്വാഗതവും ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് കെ ലീന നന്ദിയും പറഞ്ഞു

Share
അഭിപ്രായം എഴുതാം