അഗര്‍ത്തല: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുര രാഷ്ട്രീയത്തെ കുഴച്ചുമറിക്കാന്‍ ഇടയാക്കാവുന്ന വമ്പന്‍ വഴിത്തിരിവുമായി ബി.ജെ.പി സഖ്യകക്ഷി. ഐ.പി.എഫ്.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര, കോണ്‍ഗ്രസ് മുന്‍ നേതാവ് പ്രദ്യോത് മാണിക്യദേബ് ബര്മന് നയിക്കുന്ന ടിപ്ര പാര്‍ട്ടിയുമായി ലയിക്കാന്‍ തയ്യാറെടുക്കുന്നതാണു പുതിയ സംഭവവികാസം. ബി.ജെ.പിക്കൊപ്പം നിലകൊണ്ടിരുന്ന ഐ.പി.എഫ്.ടി മുന്നണി മാറിയാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ എന്തു ചലനമുണ്ടാകുമെന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ലയനം സംബന്ധിച്ച് ഐ.പി.എഫ്.ടിയും ടിപ്രയും തമ്മില്‍ അടഞ്ഞ മുറിയില്‍ കൂടിക്കാഴ്ച നടന്നുകഴിഞ്ഞു. ഗുവാഹത്തിയിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൂടിക്കാഴ്ച. ഐ.പി.എഫ്.ടി. നേതാക്കളുമായി സംഭാഷണം നടത്തിയതായി രാജകുടുംബാംഗം കൂടിയായ ദേബര്‍മാന്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ലയനത്തിനുള്ള ചര്‍ച്ച ഞങ്ങള്‍ ആരംഭിച്ചു. പാര്ട്ടിപ്പതാകയുടെയും ചിഹ്നത്തിന്റെയുമൊക്കെ പ്രശ്നങ്ങള്‍ ഇനിയുള്ള ചര്‍ച്ചകളില്‍ പരിഹരിക്കും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തുടക്കമിട്ട ലയനപ്രക്രിയയുമായി ഇരുകക്ഷികളും മുന്നോട്ടുപോകും- അദ്ദേഹം പറഞ്ഞു. പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ലക്ഷ്യമാക്കി ദേബര്‍മന്‍ കഴിഞ്ഞയാഴ്ച ഐ.പി.എഫ്.ടിക്ക് കത്തെഴുതിയിരുന്നു. തൊട്ടുപിന്നാലെ കൂടിക്കാഴ്ച ആവശ്യപ്പെട്ട് ഐ.പി.എഫ്.ടി. പ്രതികരിച്ചതാണ് ലയനത്തിനു വഴിയൊരുക്കിയതെന്നു പറയപ്പെടുന്നു.
2018 ലെ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ഐ.പി.എഫ്.ടി ത്രിപുരയില്‍ എട്ടു സീറ്റുകള്‍ നേടിയിരുന്നു. ബി.ജെ.പി. നയിക്കുന്ന സര്‍ക്കാരില്‍ ഇവര്‍ക്കു രണ്ടു മന്ത്രിമാരുമുണ്ട്. എന്നാല്‍, ഇവരുടെ മൂന്ന് എം.എല്‍.എമാര്‍ ഇപ്പോള്‍ ടിപ്രയോട് അനുഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്. ബിജെപിയുമായി സഖ്യത്തിലാവുകയും തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു പോരാടുകയും ചെയ്തെങ്കിലും പ്രത്യേക സംസ്ഥാനം എന്ന തങ്ങളുടെ ആവശ്യം നിറവേറ്റപ്പെട്ടിട്ടല്ലെന്നാണ് അവരുടെ വാദം. 2009 മുതല്‍ ടിപ്രാ ലാന്‍ഡിനുവേണ്ടി ആവശ്യമുന്നയിച്ചിട്ടും ഇതുവരെ അതു നേടിയില്ലെന്നും നേടിയത് വഞ്ചന മാത്രമാണെന്നും പാര്‍ട്ടിയുടെ ഉന്നത നേതാവ് പ്രേംകുമാര്‍ റിയാങ് പറഞ്ഞു.ഈ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനം ത്രിപുരയിലെ രാഷ്ര്ടീയ സമവാക്യങ്ങളെ കൂടുതല്‍ കഠിനമാക്കിയേക്കും.
ഐ.പി.എഫ്.ടിയും ടിപ്രയും ഒന്നിച്ചാല്‍ സംസ്ഥാനത്തെ 20 ഗോത്രവര്‍ഗ സംവരണ സീറ്റുകള്‍ തൂത്തുവാരാനുള്ള ശേഷി െകെവരുമെന്നിരിക്കെ, ഇവരുടെ ലയനം ബി.ജെ.പിക്ക് വന്‍ വെല്ലുവിളിയാണെന്നുറപ്പ്. മറ്റുള്ളിടത്ത് അഞ്ചു മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ഇവര്‍ക്ക് നിര്‍ണായകമാകാനും കഴിയും. ഗോത്രവര്‍ഗക്കാര്‍ക്കു പ്രത്യേക സംസ്ഥാനം രൂപീകരിക്കാമെന്ന് രേഖാമൂലം ഉറപ്പുകിട്ടിയാല്‍ ബി.ജെ.പിയുമായോ ഇടതുപക്ഷവുമായോ സഖ്യമുണ്ടാക്കാന്‍ മടിയില്ലെന്ന് ഇവര്‍ പറയുന്നു. ദുരിതമനുഭവിക്കുന്ന ഗോത്രജനതയോടു കള്ളം പറയാന്‍ ഇനി കഴിയില്ല. മുമ്പ് പല പാര്‍ട്ടികളും വാഗ്ദാനം നല്കി വഞ്ചിച്ചു. ഇത്തവണ എഴുതിനല്‍കുന്നതില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് ഇരുപാര്‍ട്ടികളുടെയും ശക്തമായ നിലപാട്. 60 അംഗ ത്രിപുര നിയമസഭയിലേക്ക് അടുത്ത മാസം 16 നാണു തെരഞ്ഞെടുപ്പ് നടക്കുക.