ചൈനീസ് പുതുവല്‍സരാഘോഷത്തിനിടെ യു.എസില്‍ വെടിവയ്പ്പ്; 10 മരണം

ലോസ് ആഞ്ചല്‍സ്: യു.എസില്‍ ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; പത്തിലേറെപ്പേര്‍ക്ക് പരുക്ക്. ലോസ് ആഞ്ചല്‍സിനു സമീപം മോണ്ടെറി പാര്‍ക്കില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിനു ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്. ലോസ് ആഞ്ചല്‍സില്‍നിന്നു 16 കിലോമീറ്റര്‍ അകലെയാണ് മോണ്ടെറി പാര്‍ക്ക്. 60,000 ജനസംഖ്യയുള്ള നഗരത്തിലെ ജനസംഖ്യയില്‍ 65 ശതമാനവും ഏഷ്യന്‍ അമേരിക്കന്‍ വംശജരാണ്.

ഒരു ഡാന്‍സ് ക്ലബ്ബിലാണ് അക്രമം നടന്നതെന്നും മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവയ്പ്പുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വലിയ പോലീസ് സാന്നിധ്യവും സ്ഥലത്തുണ്ടായിരുന്നു. രണ്ടു ദിവസം നീളുന്ന ചൈനീസ് ചാന്ദ്ര വര്‍ഷ പുതുവല്‍സരാഘോഷത്തിന്റെ ആദ്യദിനമായിരുന്നു ശനിയാഴ്ച.
മൂന്ന് പേര്‍ അതിക്രമിച്ചെത്തി കടയടക്കാന്‍ ആവശ്യപ്പെട്ടതായി വെടിവെപ്പ് നടന്നതിന് സമീപത്ത് റെസ്റ്റോറന്റ് നടത്തുന്നയാള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെമി ഓട്ടോമാറ്റിക് തോക്കാണ് ആക്രമകാരിയുടെ കൈവശമുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. കണ്ണില്‍ കണ്ടവര്‍ക്ക് നേരയെല്ലാം അക്രമി വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഡാന്‍സ് ക്ലബിന്റെ ഉടമയും ഉണ്ടായിരുന്നതായാണ് വിവരം. സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് ബാറില്‍ പോയ താന്‍, വെടിവെപ്പ് നടക്കുമ്പോള്‍ ശുചിമുറിയിലായിരുന്നെന്നും പുറത്ത് വന്നപ്പോള്‍ ക്ലബിന്റെ ഉടമ അടക്കം മൂന്ന് പേര്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നയാളെ ഉദ്ധരിച്ച് ലോസ് ആഞ്ജലിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങളായി ആഘോഷങ്ങള്‍ നടന്നുവരാറുണ്ടെങ്കിലും കാലിഫോര്‍ണിയയില്‍ ആദ്യമായാണ് ചൈനീസ് പുതുവത്സരം ഒദ്യോഗികമായി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി തെരുവില്‍ ഭക്ഷണ സ്റ്റാളുകളും അമ്യൂസ്‌മെന്റ് റൈഡുകളും ഒരുക്കിയിരുന്നു.

അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായതിനാലും ചൈനീസ് പുതുവത്സര ആഘോഷത്തിനിടെയായതിനാലും വംശീയാക്രമണം ആകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.

Share
അഭിപ്രായം എഴുതാം