കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ പട്ടിക 25ന് മുന്‍പ്

തിരുവനന്തപുരം: പോലീസിലെ കളങ്കിതരുടെ പട്ടിക 25-നു മുമ്പ് എത്തിക്കാന്‍ എസ്.പിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. ഗുണ്ടാബന്ധം ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ ആരോപണം നേരിട്ട സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ സ്ഥലമാറ്റം തുടരുന്നു.

24 എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. നടപടി നേരിട്ടവര്‍ക്കു പകരം തിരുവനന്തപുരത്തെ പേട്ട, മംഗലപുരം സ്‌റ്റേഷനുകളില്‍ പുതിയ എസ്.എച്ച്.ഒമാരെ നിയമിച്ചു. കോട്ടയം എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒയെ മാറ്റി. അതേസമയം, മണ്ണ് മാഫിയ ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത തിരുവല്ലം മുന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി. നായരെ സര്‍വീസില്‍ തിരിച്ചെടുത്തു.

ഗുണ്ടാ-മാഫിയ ബന്ധം, പോക്‌സോ, വിജിലന്‍സ് കേസുകളില്‍പ്പെട്ടവര്‍ എന്നിവരുടെ പട്ടികകള്‍ പ്രത്യേകം തരംതിരിച്ച് നല്‍കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. മുമ്പ് സര്‍വീസില്‍ നടപടി നേരിട്ടവരുടെ പട്ടിക പ്രത്യേകം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കളങ്കിതര്‍ക്കെതിരേ ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി പട്ടിക തയാറാക്കാന്‍ ഡി.ജി.പി: അനില്‍ കാന്ത് ആവശ്യപ്പെട്ടതും.

Share
അഭിപ്രായം എഴുതാം