കൊച്ചി: ഐ.എസ്.ആര്.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ അഞ്ചുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതി വിജയന്, രണ്ടാം പ്രതി തമ്പി.എസ്.ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐ.ബി. ഉദ്യോഗസ്ഥനുമായ പി.എസ്. ജയപ്രകാശ്, മുന്‍ ഡി.ജി.പി: സിബി മാത്യൂസ്, ആര്.ബി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അടുത്ത 27ന് പ്രതികള്‍ സി.ബി.ഐ. മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാവണമെന്നു കോടതി നിര്‍ദേശിച്ചു.
ഒരു ലക്ഷം രൂപയുടെ ബോണ്ടാണ് ജാമ്യത്തുക. കോടതി അനുമതിയില്ലാതെ രാജ്യത്തിനു പുറത്തുപോകരുത്. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും രണ്ടാഴ്ച കാലം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം. സി.ബി.ഐ. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാന്‍ തയാറാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്നായിരുന്നു സി.ബി.ഐയുടെ വാദം.