അന്വേഷണത്തിന് ഏഴംഗ സമിതി

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സരണ്‍ സിങ്ങിനെതിരായ െലെംഗികാരോപണ വിവാദം അന്വേഷിക്കാന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയമിച്ചു. മേരി കോം, യോഗേശ്വര്‍ ദത്ത്, ഡോല ബാനര്‍ജി, അലക്‌നന്ദ അശോക്, സഹ്‌ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമാണ് അംഗങ്ങള്‍. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ എം.പിക്ക് ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നും കത്തില്‍ പരാതിപ്പെട്ടു. ടോക്കിയോയില്‍ ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമായതിനു പിന്നാലെ ഗുസ്തി ഫെഡറേഷന്‍ മേധാവി വിനേഷ് ഫോഗട്ടിനെ മാനസികമായി പീഡിപ്പിച്ചെന്നും അവര്‍ ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചെന്നും കത്തില്‍ പറയുന്നു. പീഡനത്തിനിരയായ താരങ്ങളുടെ പേരുകള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കമ്മിറ്റിക്കു മുമ്പാകെ വെളിപ്പെടുത്താമെന്നു വിനേഷ് ഫോഗട്ട് പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതി ചര്‍ച്ചചെയ്യാന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ വെള്ളിയാഴ്ച വൈകിട്ട് അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഗുസ്തി താരങ്ങള്‍ കായികമന്ത്രി അനുരാഗ് താക്കൂറുമായി ഇന്നലെ വീണ്ടും കൂടിക്കാഴ്ച നടത്തി. ഫെഡറേഷന്‍ പ്രസിഡന്റ് രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. വ്യാഴാഴ്ച രാത്രി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അതിനിടെ, ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ബി.ജെ.പി. എം.പികൂടിയായ ബ്രിജ് ഭൂഷണ്‍ സരണ്‍ സിങ് രാജിവയ്ക്കില്ലെന്നു വ്യക്തമാക്കി. ”ഞാന്‍ സംസാരിച്ചാല്‍ ഇവിടെ സുനാമിയുണ്ടാകും. ആരുടെയും ഔദാര്യം കൊണ്ടല്ല ഞാന്‍ ഇവിടെ എത്തിയത്. എന്നെ തെരഞ്ഞെടുത്തതു ജനങ്ങളാണ്.”-ബ്രിജ് ഭൂഷണ്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രസ്താവന നടത്തരുതെന്നും ഇതു സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നുമുള്ള കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടാണ് ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളെ കണ്ടത്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് വാര്‍ത്താസമ്മേളനം നടത്തി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു സിങ്ങിന്റെ പ്രഖ്യാപനം. ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് ബ്രിജ് ഭൂഷണ്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് വൈകീ ട്ട് നാലിലേക്ക് മാറ്റുകയായിരുന്നു. സമ്മര്‍ദം ശക്തമായതോടെ വാര്‍ത്താ സമ്മേളനം ഞായറാഴ്ചത്തേക്ക് മാറ്റി. ഞായറാഴ്ച ചേരുന്ന യോഗത്തിന് ശേഷമായിരിക്കും പ്രതികരണം. വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം കായിക മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നു ബ്രിജ് ഭൂഷണിന്റെ മകന്‍ പ്രതീക് ഭൂഷന്‍ അറിയിച്ചു.

അതേസമയം, സമരക്കാര്‍ ഗോണ്ടയിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടിയിരുന്ന ഗുസ്തി താരങ്ങള്‍ക്കിടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇതുമൂലം പരിപാടി റദ്ദാക്കേണ്ടി വന്നെന്നും ഗുസ്തി ഫെഡറേഷന്‍ ആരോപിച്ചു. സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരേ ഫെഡറേഷന്‍ പരാതി നല്‍കുമെന്നാണു സൂചന.
ബോക്‌സിങ് താരവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ്ങും ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി സമരം നടക്കുന്ന ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലെത്തി. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അതിനാല്‍ വേദിയില്‍നിന്നു പോകണമെന്നും ഗുസ്തി താരങ്ങള്‍ വിജേന്ദറിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിനെതിരേ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തെക്കുറിച്ചു സി.ബി.ഐ. അന്വേഷണം വേണമെന്നു വിജേന്ദര്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം