മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. 238 യാത്രക്കാരുമായെത്തിയ അസൂര്‍ എയറിന്റെ ചാര്‍ട്ടേഡ് വിമാനത്തിനാണ് ഭീഷണി. തുടര്‍ന്ന് 21/01/23 ശനിയാഴ്ച പുലര്‍ച്ചെ വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടു.
അസൂര്‍ എയറിന്റെ AZV2463 എന്ന വിമാനം ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 21/01/23 പുലര്‍ച്ചെ 4.15ന് ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. ദബോലിം വിമാനത്താവള ഡയറക്ടര്‍ക്ക് 21/01/23 പുലര്‍ച്ചെ 12.30ന് ഇമെയിലിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
റഷ്യയിലെ പെര്‍ം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചതായിരുന്നു വിമാനം. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടെന്നും രണ്ട് കുട്ടികളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 238 യാത്രക്കാരാണ് വിമാനത്തിലുള്ളതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.
11 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്. 2023 ജനുവരി മാസം ഒമ്പതിന് ഗുജറാത്തിലെ ജാംനഗറില്‍ മോസ്കോ-ഗോവ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനം സുരക്ഷിതമെന്ന് അധികൃതര്‍ വ്യക്തമാക്കി. 240-ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും ഇറക്കി വിമാനം പരിശോധിച്ചിരുന്നു.
മോസ്കോയില്‍ നിന്ന് ഗോവയിലേക്കുള്ള അസൂര്‍ എയര്‍ വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യന്‍ അധികൃതര്‍ എംബസിയെ അറിയിച്ചതായി റഷ്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നു. ‘വിമാനം ജാംനഗര്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ബേസില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. അധികൃതര്‍ വിമാനത്തിന്റെ പരിശോധന നടത്തുകയാണ്.’എന്നായിരുന്നു എംബസിയുടെ അറിയിപ്പ്.
നേരത്തെ ഒരു രാജ്യാന്തര വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് ഗോവ എയര്‍ ട്രാഫിക് കണ്ട്രോളിന് ഇമെയില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി. ഇതുകൂടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും കലക്ടറും പൊലീസ് സൂപ്രണ്ടും വിമാനത്താവളത്തിലെത്തിയിരുന്നു.