മാലിന്യ നീക്കത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം

മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ജില്ലയിലെ 13 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ നീക്കത്തിനായി സ്വകാര്യ ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മാലിന്യനീക്കം നടത്തുന്ന വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നത് സംബന്ധിച്ച ജില്ലാതല അവലോകന യോഗത്തിലാണ് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങള്‍ മാത്രമേ മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്നുള്ളൂവെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ക്ലീന്‍ കേരള കമ്പനിയും ഉറപ്പാക്കണം. വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണം. വാഹനങ്ങള്‍ ഡിസ്‌പോസിബിള്‍ / ട്രീറ്റ്‌മെന്റ് ഫെസിലിറ്റിയില്‍ എത്തുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ഇതിനായി ഡിസ്‌പോസിബിള്‍ / ട്രീറ്റ്‌മെന്റ് ഫെസിലിറ്റിയില്‍ നിന്നും ലഭ്യമാകുന്ന മാനിഫെസ്റ്റ് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സൂക്ഷിക്കണം. മാലിന്യനീക്കം ചെയ്യുന്ന ഏജന്‍സികളുമായി നിയമാനുസൃതമായാണ് കരാറില്‍ ഏര്‍പ്പെടുന്നതെന്നും ഉറപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Share
അഭിപ്രായം എഴുതാം