തടവുകാരുടെ മോചനം; യുപി ജയിൽ ഡിജിപിക്ക് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ദില്ലി: യുപി ജയിൽ ഡിജിപിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. ജയിൽ മോചനത്തിന് അർഹരായവരുടെ അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നോട്ടീസ്. അര്‍ഹരായവരുടെ ജയില്‍ മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ സ്വീകരിച്ച നടപടികളേക്കുറിച്ചും ജയില്‍ ഡിജിപി കോടതിയെ അറിയിച്ചിരുന്നില്ല. 48 തടവുകാരുടെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നടപടി.

നേരത്തെ ഈ വിഷയത്തില്‍ ജയില്‍ ഡിജിപിയോട് കോടതി മൂന്നാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. ഇതിലും മറുപടി ലഭിക്കാതെ വന്നതിന് പിന്നാലെയാണ് കോടതി അലക്ഷ്യ നോട്ടീസ് അയച്ചത്. ജയില്‍ മോചനത്തിന് അര്‍ഹരായ തടവുകാരെ വിട്ടയക്കാത്തതിന്റെ കാരണവും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വിട്ടയച്ചവരുടെ വിവരങ്ങളും കോടതി തേടിയിരുന്നു. 2018ലെ ജയില്‍ മോചന പോളിസി അനുസരിച്ച് മോചനത്തിന് അര്‍ഹരായവര്‍ക്ക് അത് അനുവദിക്കാത്തതിന്‍റെ കാരണമാണ് കോടതി ജയില്‍ അധഇകൃതരോട് ആവശ്യപ്പെട്ടത്.

സംസ്ഥാന, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് മോചനത്തിന് അര്‍ഹരായ തടവുകാര്‍ക്ക് അവരുടെ അവകാശങ്ങളേക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ ഈ വിഷയത്തില്‍ അഭിഭാഷകനായ ഋഷി മല്‍ഹോത്രയെ അമിക്യസ് ക്യൂറിയായി കോടതി നിയോഗിച്ചിരുന്നു. ജയില്‍ മോചനത്തിന് അര്‍‌ഹരായ തടവുകാരെ ഓരോരുത്തരേയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സന്ദര്‍ശിക്കണമെന്നും കോടതി വ്യക്തമാക്കി. ഏറെക്കാലമായി തടവില്‍ കഴിയുന്ന പലര്‍ക്കും വിദ്യാഭ്യാസം, സാമൂഹ്യ പിന്തുണ എന്നിവ ലഭ്യമല്ലാത്തത് മൂലമാണ് അവകാശങ്ങളേക്കുറിച്ച് അറിയാതെ പോകുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം