നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: അടുത്ത 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനുള്ള, ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാരിന്റെ നയംമാത്രം വിശദീകരിച്ചുകൊണ്ടുള്ള നയപ്രഖ്യാപനപ്രസംഗമാണ് ഇക്കുറി മന്ത്രിസഭാ ഉപസമിതി തയാറാക്കിയിരിക്കുന്നത്. അതോടൊപ്പം സാമ്പത്തികമായി കേരളത്തിനെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ നടപടികളെക്കുറിച്ചുള്ള വിമര്‍ശനവും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണറുമായുള്ള തര്‍ക്കം അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ക്രോഡീകരിച്ച ആശയങ്ങള്‍, മന്ത്രിസഭാ ഉപസമിതി പ്രസംഗമാക്കി മാറ്റുകയായിരുന്നു. ഇതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണെങ്കില്‍ അത് ചെയ്യുന്നതിന് മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെങ്കിലും ഗവര്‍ണര്‍ക്ക് അലോസരമാകാത്തതരത്തില്‍ അവ ക്രമീകരിക്കുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങള്‍ ലഭിക്കാത്തതും സാമ്പത്തികമായി ഞെരുക്കുന്നതും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തും.
ഓരോ വകുപ്പിലും നടത്തുന്ന പരിപാടികളെക്കുറിച്ചുള്ള വിശദമായ വിവരണമാണ് ഒരു ദശകത്തിലേറെയായി നയപ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അതിന് വിപരീതമായി ഇക്കുറി ഓരോ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കാനുള്ള നയംമാത്രമായിരിക്കും ഇക്കുറി നയപ്രസംഗത്തിലുണ്ടാവുക. വകുപ്പുകള്‍ സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാണു തീരുമാനം.

Share
അഭിപ്രായം എഴുതാം