തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തെത്തുടര്‍ന്നു രണ്ടു ഡിവൈ.എസ്.പിമാര്‍ക്കു സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: കെ.ജെ. ജോണ്‍സണ്‍, വിജിലന്‍സ് എസ്.ഐ.യു- 1 ഡിവൈ.എസ്.പി: എം. പ്രസാദ് എന്നിവരെയാണു മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. നിഥിന്‍, ഓംപ്രകാശ് എന്നിവരുടെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ റിയല്‍ എസ്‌റ്റേറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ ഇടനിലക്കാരെ പോലെ പ്രവര്‍ത്തിച്ചെന്നാണ് പ്രധാന ആരോപണം. പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചു ശ്രദ്ധ നേടിയ ഡിവൈ.എസ്.പി. ജോണ്‍സണില്‍നിന്നു കേസന്വേഷണത്തിന്റെ ചുമതല മാറ്റിയത് അടുത്തിടെയാണ്. ജോണ്‍സണു നല്‍കാനെന്നു പറഞ്ഞ് അമ്പതിനായിരം രൂപ നിഥിന്‍ വാങ്ങിയതായി പ്രവാസിയായ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. നിഥിന്റെ സുഹൃത്തായ ഡിവൈ.എസ്.പി: പ്രസാദിനുവേണ്ടി പാര്‍ട്ടികള്‍ നടത്തിയതായും രാഹുല്‍ ആരോപിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണത്തിനുശേഷമാണ് സസ്‌പെന്‍ഷന്‍ നടപടി.
ഗുണ്ടാ-മാഫിയ ബന്ധത്തിന്റെ പേരില്‍ തലസ്ഥാനത്തെ മൂന്നു സി.ഐമാര്‍ക്കും ഒരു എസ്.ഐയ്ക്കും എതിരേ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു.