ദില്ലി : വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേർക്കെതിരെ സിബിഐ കേസ്. കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയും കേസ് ഉണ്ട്. 18 നാവിക ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണുർ റേഞ്ച് ആദായ നികുതി ഓഫീസിൽ നിന്നാണ് തട്ടിപ്പ് കണ്ടെത്തുന്നത്. കേരളത്തിലെ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ടി എം സുഗന്തമാല നൽകിയ പരാതിയിലാണ് കേസ് .
കണ്ണൂർ ജില്ലയിൽ ഏഴിമല നാവിക അക്കാദമിയിലടക്കമുള്ളവരാണ് നാവിക ഉദ്യോഗസ്ഥർ. കണ്ണൂർ എ ആർ ക്യാമ്പിലെ ജി.ചന്ദ്രൻ, പേരാവൂർ പൊലീസ് സ്റ്റേഷനിലെ കെ വിനോദ് കുമാർ എന്നിവരാണ് പൊലീസ് സേനയിലുള്ളവർ. 2016 മുതൽ വ്യാജരേഖകൾ നൽകി 44 ലക്ഷം റീഫണ്ട് വാങ്ങിയെന്നാണ് പരാതി. ഇതിന്റെ പത്തു ശതമാനം ഏജന്റുമാർ വാങ്ങുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.