കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന ‘അശ്വമേധം 5.0’ എന്ന കുഷ്ഠരോഗ നിർണ്ണയ പ്രചാരണ പരിപാടിക്ക് വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തിയാണ് വേങ്ങൂരിലെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്.
ജനുവരി 31 വരെ രണ്ടാഴ്ച കാലമാണ് പ്രചാരണ പരിപാടി നടത്തുന്നത്. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഭവന സന്ദർശനത്തിലൂടെ കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയിൽ പോകുന്നതിനുള്ള ഉപദേശം നല്‍കുകയും ചെയ്യും.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജാ ഷിജോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ചാക്കപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ ജെന്നി മോൾ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ടി.ബിജു, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, കെ.എസ് ശശികല, ആരോഗ്യവകുപ്പ് ജീവനക്കാരായ രമണി, ദീപ്തി, മാനസി, അരുൺ, ജോയ് മാത്യു, മേരീസ് രാജു തുടങ്ങിയവരും പ്രചാരണ സംഘത്തിലുണ്ടായിരുന്നു.