ലഷ്‌കര്‍ ഉപമേധാവി മക്കി ആഗോളഭീകരന്‍

യു.എന്‍: പാക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയുടെ ഉപമേധാവി ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി(68)യെ ഐക്യരാഷ്ട്രസംഘടന (യു.എന്‍) ആഗോളഭീകരനായി പ്രഖ്യാപിച്ചു. ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെയും യു.എസിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കത്തെ യു.എന്‍. രക്ഷാസമിതിയില്‍ ചൈന നിരന്തരം വെട്ടുകയായിരുന്നു. നിലവില്‍ ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണു രക്ഷാസമിതിയുടെ 1267 അല്‍ക്വയ്ദ ഉപരോധസമിതി മാക്കിയെ ആഗോളഭീകരനായി പ്രഖ്യാപിച്ചത്.

ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് മരവിപ്പിക്കുക, യാത്രാവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയവയാണു നടപടിക്രമങ്ങള്‍. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യു.എസ്. സംയുക്തനീക്കത്തെ കഴിഞ്ഞ ജൂണിലും യു.എന്‍. രക്ഷാസമിതിയില്‍ െചെന ഇടപെട്ട് തടഞ്ഞിരുന്നു.

ഹാഫിസ് സയിദ് 2019-ല്‍ 35 വര്‍ഷത്തേക്കു ജയിലില്‍ അടയ്ക്കപ്പെട്ടതോടെയാണു മക്കി ലഷ്‌കറെ തോയ്ബയുടെ നേതൃത്വം ഏറ്റെടുത്തത്. ലഷ്‌കറെ/ജമാഅത്ത് ഉദ്ദവ നേതാവായിരുന്ന സയിദിനെ 2008-ലെ മുംബൈ ഭീകരാക്രമണത്തേത്തുടര്‍ന്ന് യു.എന്‍. രക്ഷാസമിതി ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്, ഇയാള്‍ പാകിസ്താനില്‍ വീട്ടുതടങ്കലിലായി. 2000 ഡിസംബര്‍ 22-നു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ആറ് ലഷ്‌കറെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഉള്‍പ്പെടെ മക്കിക്കു പങ്കുണ്ടെന്നു യു.എന്‍. ഉപരോധസമിതി ചൂണ്ടിക്കാട്ടി. ചെങ്കോട്ട വെടിവയ്പ്പില്‍ സാധാരണ പൗരനുള്‍പ്പെടെ മൂന്നുപേരാണു കൊല്ലപ്പെട്ടത്.

ഹാഫിസ് എന്ന സ്ഥാനപ്പേരിനു പുറമേ, ജമാഅത്ത് ഉദ്ദവയുടെ നായിബ് അമീര്‍ പദവിയും മക്കി വഹിച്ചിരുന്നു. വര്‍ഷംതോറും ഫെബ്രുവരി അഞ്ചിനു പാകിസ്താനില്‍ ആചരിക്കുന്ന ”കശ്മീര്‍ ഐക്യദാര്‍ഢ്യദിന” റാലിയിലെ സ്ഥിരം പ്രാസംഗികനാണ് ഇയാള്‍. 2010-ല്‍ അത്തരം ഒരു റാലിയിലാണു ജമ്മു കശ്മീര്‍ പാകിസ്താനു കൈമാറിയില്ലെങ്കില്‍ ബലമായി പിടിച്ചടക്കുമെന്നും ഇന്ത്യയില്‍ ചോരപ്പുഴയൊഴുകുമെന്നും മക്കി വീമ്പിളക്കിയത്. തുടര്‍ന്ന്, അതേവര്‍ഷം നവംബറില്‍ മക്കിയെ യു.എസ്. ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മാക്കിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്കു യു.എസ്. 20 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നെങ്കിലും പാകിസ്താനില്‍ ഇയാള്‍ സ്വതന്ത്രനായി വിലസി.

Share
അഭിപ്രായം എഴുതാം