മാനന്തവാടി: വയനാട്ടിൽ കടുവ ആക്രമണത്തിൽ മരണമടഞ്ഞയാൾക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി. വയനാട് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ.
കടുവയുടെ ആക്രമണത്തിൽ തോമസിന് മാരകമായി മുറിവേറ്റിരുന്നു. രക്തസ്രാവമുണ്ടാകുകയും ചെയ്തു. സർജൻ ഉൾപ്പെടെ സീനിയർ ഡോക്ടർമാർ തോമസിനെ പരിശോധിച്ചിരുന്നുവെന്നും സ്‌റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ 108 ആംബുലൻസിലാണ് കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ളവരും ഒപ്പമുണ്ടായിരുന്നു.
വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുറിവുകളിൽ നിന്നുമുണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്കാണ് മരണകാരണമെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും ഡി.എം.ഇ.യുടെ റിപ്പോർട്ടിലുണ്ട്