പന്നികളെ ദയാവധം ചെയ്തുതുടങ്ങി

കാസര്‍ഗോഡ്: എന്‍മകജെ പെര്‍ള കാട്ടുകുക്കെയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പന്നികളെ ദയാവധം ചെയ്തുതുടങ്ങി. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ രാവിലെ മുതലാണ് ഫാമിലെ പന്നികളെ കൊന്നുതുടങ്ങിയത്.
കാട്ടുകുക്കെയില്‍ മനു സെബാസ്റ്റിയന്‍ എന്ന കര്‍ഷകന്റെ ഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പിനി ബാധിച്ചത്. ഇവിടെനിന്നു സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുകയും പന്നിപ്പനിയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ 532 പന്നികളാണു ഫാമിലുള്ളത്. മൃഗസംരക്ഷണവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ വാഹനവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, റവന്യൂവകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അതുല്‍ എസ് നാഥാണ് പന്നികളെ ദയാവധം ചെയ്യുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. പ്രത്യേക കിറ്റുകള്‍ അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ സ്വീകരിച്ചാണ് ടീം പ്രവര്‍ത്തിക്കുന്നത്. ദയാവധത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മാത്രമാണ് ഫാമിനും പരിസരപ്രദേശത്തേക്കും പ്രവേശനം. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും ഉന്‍മൂലനം ചെയ്യണമെന്നാണ് നിര്‍ദേശം.
എന്നാല്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ മറ്റു ഫാമുകളില്ല. ഫാമിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി ഇറച്ചി വില്‍പ്പന മൂന്നുമാസത്തേക്കു നിരോധിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം