അടിമാലി: കഞ്ചാവ് കച്ചവടത്തില്‍ ചതിച്ച സുഹൃത്തിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മദ്യത്തില്‍ കീടനാശിനി കലര്‍ത്തി. എന്നാല്‍, അബദ്ധത്തില്‍ വിഷമദ്യം കഴിച്ച് മരിച്ചതു പ്രതിയുടെ അമ്മാവന്‍! രണ്ട് സുഹൃത്തുക്കള്‍ ചികിത്സയില്‍.
വഴിയില്‍ക്കിടന്ന് കിട്ടിയ മദ്യം കഴിച്ചെന്നായിരുന്നു ചികിത്സയിലുള്ളവരുടെ മൊഴിയെങ്കിലും പോലീസ് അന്വേഷണത്തില്‍ കൊലപാതകമെന്നു വ്യക്തമായി. പ്രതി അറസ്റ്റില്‍.
അടിമാലി, അപ്‌സരക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സുധീഷി(മുത്ത്-24)നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സുധീഷിന്റെ അമ്മാവന്‍ അപ്‌സരക്കുന്ന് പടയാട്ടില്‍ കുഞ്ഞുമോനാ(40)ണു വിഷമദ്യം കുടിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. സുധീഷിന്റെ സുഹൃത്ത് കീരിത്തോട് മാടപ്പറമ്പില്‍ മനോജ് (മനു- 28), അടിമാലി പുത്തന്‍പറമ്പില്‍ അനുകുമാര്‍ (38) എന്നിവര്‍ ചികിത്സയിലാണ്.
കഴിഞ്ഞ എട്ടിനു രാവിലെയാണു സംഭവം. മനോജും സുധീഷും ചേര്‍ന്ന് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. കച്ചവടത്തില്‍ വഞ്ചിച്ചെന്ന സംശയത്തേത്തുടര്‍ന്ന് മനോജിനെ വകവരുത്താന്‍ സുധീഷ് പദ്ധതിയിട്ടു. വഴിയില്‍ക്കിടന്ന് ഒരുകുപ്പി മദ്യം കിട്ടിയെന്നറിയിച്ച് മനോജിന് ചിത്രം സഹിതം വാട്‌സ്ആപ് സന്ദേശമയച്ചു. മനോജും ഒപ്പം കുഞ്ഞുമോനും അനുകുമാറും പിറ്റേന്നു രാവിലെ സുധീഷിന്റെ വീട്ടിലെത്തി. മനോജ് മദ്യം കഴിച്ചെങ്കിലും രുചിവ്യത്യാസം തോന്നിയതിനാല്‍ തുപ്പിക്കളഞ്ഞു. അനുവും മദ്യം കഴിച്ചെങ്കിലും അരുചി തോന്നിയതിനാല്‍ അധികം കഴിച്ചില്ല. കുഞ്ഞുമോന്‍ മദ്യം കഴിച്ചതോടെ അബദ്ധം മനസിലാക്കിയ സുധീഷ് ഉപ്പുവെള്ളം കലക്കി കുടിപ്പിക്കാന്‍ ശ്രമിക്കുകയും ആശുപത്രിയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ഛര്‍ദിച്ച് അവശനായ കുഞ്ഞുമോനെ ആശുപത്രിയിലേക്കു കൊണ്ടുപോയശേഷം സുധീഷ് മദ്യക്കുപ്പി കത്തിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പോലീസ് മൊഴിയെടുത്തെങ്കിലും സുധീഷിനെ സംശയമില്ലെന്നാണു മൂവരും പറഞ്ഞത്. തുടര്‍ന്ന് ഇയാളെ പോലീസ് വിട്ടയച്ചു. കുഞ്ഞുമോന്‍ മരിച്ചതോടെ സുധീഷിനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഏലത്തിനു തളിക്കുന്ന കീടനാശിനിയാണു മദ്യത്തില്‍ കലര്‍ത്തിയത്. ഇന്ന് തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും.