മകരജ്യോതി ദര്‍ശനം; സുസജ്ജമായി സന്നിധാനത്തെ മെഡിക്കല്‍ സംഘം

മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകാന്‍ ഇടയുള്ള തിരക്ക് മുമ്പില്‍ കണ്ട് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗവും സുസജ്ജമായി. ചികിത്സ വേണ്ടി വരുന്നവര്‍ക്കെല്ലാം യഥാസമയം ചികിത്സ ലഭ്യമാക്കാനുതകുന്ന വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ട് ഡോക്ടര്‍മാര്‍, ആറ് നേഴ്സുമാര്‍, ആറ് നഴ്സിംഗ് അസിസ്റ്റന്റുമാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ആറ് സ്പെഷ്യല്‍ പ്യൂണുമാര്‍, ആറ് ഗ്രേഡ് 1, 2 ജീവനക്കാര്‍ തുടങ്ങിയവരാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ദിവസവും ആയിരത്തി അഞ്ഞൂറിന് മുകളില്‍ ആളുകള്‍ നിലവില്‍ ഒപി ടിക്കറ്റെടുത്ത് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്.

മകരജ്യോതി ദര്‍ശന വേളയില്‍ ചികിത്സ വേണ്ടി വരുന്നവര്‍ക്ക്, ആവശ്യമായ ചികിത്സയുടെ സ്വഭാവം തിരിച്ചറിഞ്ഞ് പച്ച, മഞ്ഞ, ചുവപ്പ് വിഭാഗങ്ങളായി ടാഗ് ചെയ്താകും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുക. മകര ജ്യോതി ദര്‍ശനത്തിന് കൂടുതല്‍ ആളുകള്‍ തമ്പടിക്കുന്ന പാണ്ടിത്താവളത്ത് സ്റ്റാഫ് നഴ്സുമാരെയുള്‍പ്പെടെ നിയോഗിച്ച് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ സജ്ജമാക്കും. ഓക്സിജന്‍ ഡിഫിബലേറ്റര്‍ സൗകര്യവുമൊരുക്കും. ഗ്രീന്‍ ടാഗില്‍ ഉള്‍പ്പെടുന്ന, തിക്കിലും തിരക്കിലുമകപ്പെട്ട് സംഭവിക്കുന്ന ചെറിയ പരിക്കുകള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും ചികിത്സ വേണ്ടവരെ മാളികപ്പുറത്തിന് സമീപം എച്ച് ഐ ബംഗ്ലാവില്‍ ക്രമീകരിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ ഇരുപത് ബെഡുകള്‍ ക്രമീകരിക്കുന്നതിനൊപ്പം രണ്ട് ഡോക്ടര്‍മാരുടെയും ആറ് നഴ്സുമാരുടെയും നാല് നഴ്സിംഗ് അസിസ്റ്റന്റ്മാരുടെയും സേവനം ലഭ്യമാക്കും.

ആളുകള്‍ അധികമായി എത്തിയാല്‍ സമീപത്തുള്ള അയ്യപ്പ സേവാ സംഘത്തിന്റെ പതിനഞ്ച് ബെഡുകളുള്ള കേന്ദ്രത്തിലേക്കും ഇരുപത് ബെഡുകള്‍ ഉള്ള സഹസിലേക്കും രോഗികളെ മാറ്റും. ഈ കേന്ദ്രങ്ങളിലൊക്കെയും ഡോക്ടര്‍മാരുടെയും നഴ്സ്മാരുടെയും സേവനം ലഭ്യമാക്കും. മകര ജ്യോതി ദര്‍ശനത്തിനിടയില്‍ ഏതെങ്കിലും വിധത്തില്‍ ഗുരുതരമായി പരിക്ക് സംഭവിക്കുന്നവരുണ്ടായാല്‍ അവരെ മഞ്ഞ, ചുവപ്പ് വിഭാഗത്തില്‍പ്പെടുത്തി സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. ആറ് ഐ സി യു ബെഡുകളടക്കം മുപ്പത് ബെഡുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഓര്‍ത്തോ, കാര്‍ഡിയോളജി, ശ്വാസകോശ രോഗം, അനസ്തേഷ്യ, കുട്ടികളുടെ വിഭാഗം, ഫിസിഷ്യന്‍, ഇ എന്‍ റ്റി, സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. അപകടാവസ്ഥയിലുള്ള ഒരു രോഗിക്ക് ഒരു മണിക്കൂര്‍ സമയം വരെ വിദഗ്ധ ചികിത്സ നല്‍കാനുള്ള സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്തെ ആശുപത്രിയിലും പാണ്ടിത്താവളത്തുമായി ആംബുലന്‍സ് സേവനവും ഉറപ്പാക്കും. വാവര് നടയിലും ശരംകുത്തിയിലും എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം സജ്ജീകരിച്ച് സ്റ്റാഫ് നേഴ്സുമാരുടെ സേവനം ഉറപ്പാക്കും. സന്നിധാനത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ രോഗികള്‍ എത്തുന്ന സ്ഥിതി ഉണ്ടായാല്‍ ഈ രണ്ട് മെഡിക്കല്‍ കെയര്‍ യൂണിറ്റുകളിലെ ജീവനക്കാരെക്കൂടി സന്നിധാനത്തെ ആശുപത്രിയിലേക്കെത്തിക്കും. പാമ്പ് കടിയോ, നായ കടിയോ ഏറ്റാല്‍ വേണ്ടിവരുന്ന പ്രതിരോധ മരുന്നുകളും ലാബ്, എക്സ്റേ സൗകര്യങ്ങളും മുന്നൊരുക്ക നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം