ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകാൻ വിദേശ വിദ്യാർഥികളോട് ഗവർണർ

‘നിങ്ങൾ പഠനം പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിൽ എത്തിയശേഷം അവിടെ ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകൂ,’ ഇന്ത്യയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികളോടായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർഥിച്ചു. ഇന്ത്യയുടെ G-20 അധ്യക്ഷ പദവിയോടനുബന്ധിച്ചും ദേശീയ യുവജന ദിനത്തോടനുബന്ധിച്ചും നെഹ്‌റു യുവകേന്ദ്രയും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ യൂത്ത് സമ്മിറ്റ് ഇന്ത്യ-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

‘ഒരാൾക്ക് സ്വന്തം വിശ്വാസത്തിലും ആദർശത്തിലും അടിയുറച്ച് നിൽക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. എന്നാൽ ആ വിശ്വാസമോ ആദർശമോ മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ പാടുള്ളതല്ല. ഇതാണ് ഇന്ത്യൻ സാംസ്‌കാരികതയുടെ പ്രധാന സവിശേഷത,’ ഗവർണർ ചൂണ്ടിക്കാട്ടി.  വിജ്ഞാനവും ബൗദ്ധികതയുമാണ് ഇന്ത്യൻ സാംസ്‌കാരികതയുടെ ആണിക്കല്ല്. ജീവിതത്തിന്റെ ലക്ഷ്യം സന്തോഷം നേടൽ അല്ല, വിജ്ഞാനം നേടലാണ് എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നത്. ഈ  വിജ്ഞാന സമ്പാദനം  ലോകത്തിലെ നാനാത്വത്തിൽ ഏകത്വം കണ്ടെത്താൻ വേണ്ടി യാണ്. വൈവിധ്യം പ്രകൃതിയുടെ നിയമമാണ്. ആ വൈവിധ്യങ്ങളിലെ ഏകതയാണ് നാം കണ്ടെത്തേണ്ടത്, ഗവർണർ പറഞ്ഞു. 

എല്ലാ വ്യക്തികൾക്കുള്ളിലും ദൈവികത ഉണ്ടെന്നും അത് ഉൾക്കൊണ്ട് കഴിഞ്ഞാൽ യാതൊരുവിധ വിവേചനവും വിദ്വേഷവും ഇല്ലാതെ പെരുമാറാൻ സാധിക്കുമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. ഇന്ത്യയിൽ പഠനം നടത്തുന്ന,  നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അധ്യക്ഷത വഹിച്ചു. യുവജനം ഭാഗഭാക്കാകാതെ ഒരു രാഷ്ട്രത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പരിസ്ഥിതി സംരക്ഷണം മുഖ്യപ്രമേയം ആക്കിയ ജി-20 യുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് അനുപൂരകമായിട്ടാണ് സംസ്ഥാനസർക്കാർ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതലായി മാറാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം ഇത്തരത്തിലുള്ളതാണെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ അമേരിക്കയിലെ മിസോറി സിറ്റിയിലെ മേയറായ കോട്ടയം സ്വദേശി റോബിൻ ജെ ഏലക്കാട്ട്, ഗ്ലോബൽ ഹെൽത്ത് ട്രെയിനർ ഡോ. എസ്. എസ് ലാൽ, ഡോ. ഡീന ദാസ്, ഡോ. വി സുഭാഷ് ചന്ദ്ര ബോസ്, പരിപാടിയുടെ ചെയർമാനും കൺവീനറുമായ ഡോ. ഷൈജു ഡേവിഡ് ആൽഫി എന്നിവർ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം