ജംഷഡ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി വനിതാ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിച്ചു. വൃന്ദാ രതി, എന്‍. ജനനി, വി. ഗായത്രി എന്നിവരാണ് രഞ്ജിയിലെ മൂന്ന് മത്സരങ്ങള്‍ നിയന്ത്രിച്ചത്.
മുന്‍ താരമായ ഗായത്രി ജംഷഡ്പുരില്‍ ഝാര്‍ഖണ്ഡും ഛത്തീസ്ഗഡും തമ്മില്‍ നടക്കുന്ന മത്സരമാണു നിയന്ത്രിക്കുന്നത്. സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായിരുന്ന ജനനി സൂറത്തില്‍ റെയില്‍വേസും ത്രിപുരയും തമ്മിലുള്ള മത്സരമാണ് നിയന്ത്രിക്കുന്നത്. സ്‌കോററായിരുന്ന വൃന്ദാ രതി പോര്‍വോറിമില്‍ ഗോവയും പുതുച്ചേരിയും തമ്മില്‍ നടക്കുന്ന മത്സരമാണ് നിയന്ത്രിക്കുന്നത്. 36 വയസുകാരിയായ ജനനി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ മുഖാന്തിരമാണ് അമ്പയറിങ്ങിലേക്കെത്തിയത്. 2018 ല്‍ ബി.സി.സി.ഐയുടെ ലെവല്‍ 2 അമ്പയറിങ് പരീക്ഷ ജയിച്ചു. 2021 ല്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ചില മത്സരങ്ങള്‍ നിയന്ത്രിച്ചു.
മുംബൈക്കാരിയായ വൃന്ദാ രതി ബി.സി.സി.ഐയുടെ സ്‌കോറര്‍ പരീക്ഷ ജയിച്ചിരുന്നു. 2013 ലെ വനിതാ ലോകകപ്പില്‍ സ്‌കോററുമായി. പിന്നീടാണ് അമ്പയറിങ്ങിലേക്കു മാറിയത്.ഡല്‍ഹിക്കാരിയായ ഗായത്രി തോളിനേറ്റ പരുക്കു മൂലമാണു കളിക്കളം വിട്ടത്. ബി.സി.സി.ഐയുടെ ലെവല്‍ 2 അമ്പയറിങ് പരീക്ഷ ജയിച്ചതോടെ 2019 ല്‍ റോള്‍ മാറി. രഞ്ജി ട്രോഫിയില്‍ നേരത്തെ റിസര്‍വ് അമ്പയറായിരുന്നു.