സന്തോഷ് ഈപ്പനെ ഇ.ഡി. ചോദ്യംചെയ്യുന്നു

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് എം.ഡി: സന്തോഷ് ഈപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 06/01/2023 മണിക്കൂറുകളോളം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. ലൈഫ് മിഷന്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു കോഴ നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

തൃശൂര്‍ വടക്കാഞ്ചേരിയിലെ ഭവന പദ്ധതിക്കായി യു.എ.ഇ. റെഡ്ക്രസന്റ് വഴി ലഭിച്ച 7.75 കോടി രൂപയില്‍ 3.80 കോടി ഉദ്യോഗസ്ഥര്‍ക്കും മറ്റും കോഴയായി നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ രൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നേരിട്ട് നല്‍കിയെന്നും നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നായിരുന്നു മൊഴി.

കേസുമായി ബന്ധപ്പെട്ടവരേയും വൈകാതെ ചോദ്യം ചെയ്യും. ഇ.ഡിക്കു സ്വപ്‌നാ സുരേഷ് ജയിലില്‍ നല്‍കിയ മൊഴിയില്‍ ആറു കോടി രൂപയാണ് കോഴപ്പണമെന്നായിരുന്നു അറിയിച്ചത്. ഇതോടെ ഖാലിദിനു നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്നു കണ്ടെത്തിയതോടെയാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷത്തിലേക്കു കടന്നത്. സ്വപ്‌ന, സന്ദീപ് നായര്‍, പി.എസ്. സരിത്ത്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →