”25 താലിബാന്‍കാരെ കൊന്നു: മയക്കുമരുന്ന് ഉപയോഗിച്ചു”

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ താന്‍ 25 താലിബാന്‍ പോരാളികളെ വധിച്ചെന്നു ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ഇടക്കാലത്തു മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ”സ്‌പെയര്‍” എന്നു പേരിട്ടിട്ടുള്ള 400 പേജ് ഓര്‍മ്മക്കുറിപ്പില്‍ ഹാരി പറയുന്നു.

അഫ്ഗാനിസ്ഥാനിലെ തന്റെ രണ്ടാമത്തെ പര്യടനത്തില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിക്കുമ്പോള്‍ 25 താലിബാന്‍ പോരാളികളെ വധിച്ചെന്നാണ് ഹാരിയുടെ അവകാശവാദം. സൈന്യത്തില്‍ ”ക്യാപ്റ്റന്‍ വെയില്‍സ്” എന്നറിയപ്പെട്ടിരുന്ന ഹാരിയെ 2007-ല്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ എയര്‍ കണ്‍ട്രോളറായാണ് ആദ്യം നിയമിച്ചത്. അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ 2012 സെപ്റ്റംബറില്‍ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ക്യാമ്പ് ബാസ്റ്റണിലെത്തി.25 താലിബാനികളെ ആളുകളായല്ല, ചെസ് ബോര്‍ഡില്‍ നിന്നു നീക്കം ചെയ്യേണ്ട കരുക്കളായാണ് താന്‍ കണ്ടതെന്നും മോശം ആളുകളെ ഇല്ലാതാക്കിയെന്നും ഹാരി പുസ്തകത്തില്‍ പറയുന്നു.” നിങ്ങള്‍ ഒരാളെ വ്യക്തിയായി കണ്ടാല്‍ കൊല്ലാന്‍ കഴിയില്ല. മറ്റു രീതിയില്‍ കാണാന്‍ സൈന്യം എന്നെ നന്നായി പരിശീലിപ്പിച്ചു. മനുഷ്യജീവനുകള്‍ അപഹരിച്ചുകൊണ്ട് ഞാന്‍ ആറ് ദൗത്യങ്ങളില്‍ പറന്നു. അതില്‍ അഭിമാനമോ ലജ്ജയോ ഇല്ല.”-ഹാരി പറയുന്നു.
” കുറച്ചു തവണ കൊക്കെയ്ന്‍ എടുത്തിട്ടുണ്ട്. കൊട്ടാരത്തില്‍ ഇതേക്കുറിച്ചു ചോദ്യംചെയ്യലുണ്ടായപ്പോള്‍ ഞാന്‍ കള്ളം പറഞ്ഞു. കൊക്കെയ്ന്‍ കഴിക്കുന്നതു പക്ഷേ അത്ര രസമുള്ള കാര്യമല്ല. മറ്റുള്ളവര്‍ കരുതുന്നതുപോലെ അതില്‍ അത്ര സന്തോഷവുമില്ല. പക്ഷേ, അത് എനിക്കു വ്യത്യസ്തമായി തോന്നി. അതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. വ്യത്യസ്തനാകുക.”-ഹാരി പറഞ്ഞു.

ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ രൂക്ഷവിമര്‍ശനവുമായി താലിബാന്‍ നേതാക്കള്‍ രംഗത്തെത്തി. ഹാരിക്കെതിരേ യുദ്ധക്കുറ്റങ്ങള്‍ ചുമത്തണമെന്നു താലിബാന്‍ നേതാവ് അനസ് ഹഖാനി ആവശ്യപ്പെട്ടു. സസെക്‌സിലെ ഡ്യൂക്കിനെ ”പരാജിതന്‍” എന്നാണു മറ്റൊരാള്‍ വിശേഷിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം