ഭോപ്പാല്‍ (എം.പി): 05/01/2023 വ്യാഴാഴ്ച രാത്രി മധ്യപ്രദേശിലെ റേവ ജില്ലയില്‍ പരിശീലന വിമാനം ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ട്രെയിനി പൈലറ്റിനെ റേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു.റേവ ജില്ലയിലെ ഉമ്രി ഗ്രാമത്തിലാണ് സംഭവം. ചുര്‍ഹാത എയര്‍ സ്ട്രിപ്പിന്റെ വളപ്പില്‍നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനം പറന്നുയര്‍ന്നശേഷം അപകടം നടന്നത്. രാത്രി 11.30 നും 11.45 നും ഇടയിലുണ്ടായ അപകത്തില്‍ പരിശീലകനായ പൈലറ്റ് ക്യാപ്റ്റന്‍ വിമല്‍ കുമാര്‍ (50) സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രെയിനി സോനു യാദവിന് (22) പരുക്കേറ്റതായും റേവ പോലീസ് പറഞ്ഞു.
ബിഹാറിലെ പട്ന സ്വദേശിയാണ് മരിച്ച പൈലറ്റ്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയാണ് ട്രെയിനി പൈലറ്റ്. 2020 മാര്‍ച്ചില്‍ റേവയിലെ ചുര്‍ഹാട്ടയില്‍ ആരംഭിച്ച ഫാല്‍ക്കണ്‍ ട്രെയിനിങ് അക്കാദമിയുടേതാണ് രണ്ട് സീറ്റുകളുള്ള ചെറുവിമാനമെന്ന് പോലീസ് പറഞ്ഞു. മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദൃശ്യപരത കുറവായതിനാല്‍ വിമാനം ആദ്യം വൈദ്യുത കമ്പിയില്‍ തട്ടി ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ച് തകരുകയായിരുന്നു.