ബ്രിട്ടീഷ് രാജകുടുംബത്തിലെ അകത്തളത്തില്‍ നിറഞ്ഞ അസ്വരാസ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹാരി രാജകുമാരന്റെ ആത്മകഥ. ”സ്പെയര്‍”’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയാണ് ബ്രിട്ടനില്‍ വിവാദമായിരിക്കുന്നത്. മേഗന് മാര്‍ക്കിലിന്റെ വിഷയത്തിലെ തര്‍ക്കത്തിനിടെ ഒരിക്കല്‍ സഹോദരന് വില്യം തന്നെ കൈയേറ്റം ചെയ്തെന്ന വെളിപ്പെടുത്തലും ഹാരി നടത്തുന്നുണ്ട്. ഈ മാസം 10 നാണ് ആത്മകഥ പുറത്തിറങ്ങുക. ശൈശവംമുതല്‍ ഇതുവരെ രാജകുടുംബത്തില്‍ നേരിട്ട വിവേചനങ്ങളും അവഗണനകളും പ്രതിസന്ധികളുമാണ് ‘സ്പെയറി’ലൂടെ ഹാരി വെളിപ്പെടുത്തുന്നത്.ചാള്‍സ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മക്കളാണ് വില്യമും ഹാരിയും. സഹോദരങ്ങള്‍ തമ്മിലുള്ള അസ്വാരസ്യത്തിന്റെ കഥകള്‍ നേരത്തേ പുറത്തുവന്നിട്ടുണ്ടെങ്കിലും പ്രശ്നങ്ങളുടെ രൂക്ഷത ഹാരിയുടെ ആത്മകഥയിലൂടെയാണ് ഇത്ര വ്യക്തമാകുന്നത്. ടെലിവിഷന്‍ അവതാരക ഒപ്ര വിന്ഫ്രിക്ക് 2021-ല്‍ നല്കിയ അഭിമുഖത്തിലും നെറ്റ്ഫ്ളിക്സില്‍ കഴിഞ്ഞമാസമിറങ്ങിയ ‘ഹാരി ആന്‍ഡ് മേഗന്’ എന്ന ഡോക്യുമെന്ററിയിലും രാജകുടുംബത്തില്‍ മേഗന് നേരിട്ട വംശീയവിവേചനം ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. അതിലേറെ വിശദാംശങ്ങള്‍ നിറഞ്ഞതാണ് ‘സ്പെയര്‍’.മിക്കരാജകുടുംബത്തിലെയുംപോലെ ബ്രിട്ടീഷ് രാജകുടുംബത്തിലും മൂത്തയാള്‍ക്കാണ് രാജപദവും അധികാരവും മറ്റു സൗഭാഗ്യങ്ങളും. മൂത്തയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലേ രണ്ടാമത്തെയാള്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടൂ. അതുകൊണ്ട് രണ്ടാമത്തെ പുത്രന്/പുത്രി പകരക്കാരന് (സ്പെയര്‍) എന്നാണ് കൊട്ടാരവൃന്ദങ്ങളില്‍ വിളിക്കപ്പെടുക. അതിനാലാണ് ഹാരി തന്റെ ആത്മകഥയ്ക്ക് ‘സ്പെയര്‍’ എന്നു പേരിട്ടത്.
ആത്മകഥയിലെ ചില വിവാദ പരാമര്‍ശങ്ങള്‍
- മേഗനെക്കുറിച്ചുള്ള വില്യത്തിന്റെ ഒരു പരാമര്‍ശമായിരുന്നു തര്‍ക്കത്തിനു കാരണമായത്. വാഗ്വാദം അതിരുവിട്ടപ്പോള്‍ ഹാരിയുടെ കോളറില്‍ വില്യം കയറിപ്പിടിച്ചു. ”എല്ലാം പെട്ടെന്നായിരുന്നു, എന്നെ നിലത്തേക്കു തള്ളിയിട്ടു. നായക്കുട്ടിയുടെ പാത്രത്തിനു മുകളിലേക്കാണു വീണത്. വീഴ്ചയെത്തുടര്‍ന്ന് അതു പൊട്ടി. ആ കഷണങ്ങള്‍ എന്റെ ദേഹത്തു തറച്ചു. ഒരു നിമിഷം ഞാന്‍ അതേ കിടപ്പില്‍ കിടന്നു. പിന്നീട് എഴുന്നേറ്റുനിന്ന് വില്യമിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു”
- തര്‍ക്കം അതിരുവിട്ടപ്പോഴാണ് ഒരിക്കല്‍ പിതാവ് ചാള്‍സ് ഇടപ്പെട്ടത്. ”കുട്ടികളെ എന്റെ വാര്‍ധക്യം ദുരിതപൂര്ണമാക്കരുത്. മുത്തച്ഛന് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു പാ ഇടപെട്ടത്. ” (ചാള്‍സ് മൂന്നാമന് രാജാവിനെ മക്കള്‍ വിളിക്കുന്നത് പാ എന്നാണ്). പിതാവിന്റെ മരണത്തിനൊപ്പം മക്കളുടെ പോരും അദ്ദേഹിനു ദുഃഖകാരണമായി ഹാരി കുറിച്ചു.
- ഒരിക്കല്‍ നാസി യൂണിഫോം ധരിക്കാന്‍ വില്യമും കെയ്റ്റും ആവശ്യപ്പെട്ടു. 2005 ലായിരുന്നു സംഭവം. വേഷം ധരിച്ചെത്തിയ തന്നെ അവര്‍ പരിഹസിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
- കാമിലയെ വിവാഹം കഴിക്കരുതെന്നു പിതാവിനോട് കെഞ്ചിയിട്ടുണ്ട്. രണ്ടാനമ്മയെന്ന നിലയില്‍ അവരെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടു കാരണമാണ് അങ്ങനെ ചെയ്തതെന്നാണു ഹാരിയുടെ വാദം.
- ഹാരി- വില്യം മത്സരം ചെറുപ്പം മുതലേ ഉണ്ടായിരുന്നെന്നു ഹാരി. ഒരേ സമയം സ്നേഹമുള്ള സഹോദരനും ശത്രുമായിരുന്നു വില്യം. പഴയകാല മത്സരത്തിന്റെ പക മനസില്‍ ഇപ്പോഴും സൂക്ഷിക്കുന്നതായി പരോക്ഷമായി അദ്ദേഹം സമ്മതിക്കുന്നുണ്ട്.
- ചാള്‍സ് മൂന്നാമന് രാജാവിന്റെ ഔദ്യോഗിക വാഴിക്കല്‍ ചടങ്ങ് മേയില്‍ നടക്കാനിരിക്കുന്നതിനിടയിലാണ് സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്. 2020ല്‍ രാജാധികാരങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഹാരിയും മേഗനും കാലിഫോര്ണിയയിലേക്കു താമസം മാറ്റിയിരുന്നു.
2021ല്‍ അവതാരക ഓപ്ര വിന്്രഫെയ്ക്കു നല്കിയ അഭിമുഖത്തില്‍ ഇരുവരും നടത്തിയ പ്രസ്താവനകള്‍ രാജകുടുംബത്തില്‍ ‘വിവാദമായിരുന്നു.
മേഗന് വിഷയത്തില്‍ വില്യം എന്റെ കോളറില്‍ കുത്തിപ്പിടിച്ചു
അമേരിക്കന്‍ നടിയും വിവാഹമോചിതയുമായ മേഗന് മാര്‍ക്കലിനെ താന്‍ വിവാഹം കഴിച്ചശേഷം സഹോദരനുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ചാണ് ഹാരിയുടെ തുറന്നെഴുത്ത്.ആഫ്രോ-അമേരിക്കന്‍ വംശജയായ മേഗനെ 2018-ലാണ് ഹാരി വിവാഹം കഴിച്ചത്.
വില്യം എന്റെ കോളറില്‍ കുത്തിപ്പിടിച്ചു, മാല വലിച്ചുപൊട്ടിച്ചു, പിന്നെ എന്നെ തറയിലേക്കു തള്ളിയിട്ടു. പട്ടിക്ക് ആഹാരം കൊടുക്കുന്ന പാത്രത്തിനുമുകളിലേക്കു ഞാന്‍ വീണു. അതു പൊട്ടി, ആ കഷണങ്ങള്‍കൊണ്ട് എന്റെ പുറം മുറിഞ്ഞു. കുറച്ചുനേരം ഞാന്‍ അവിടെക്കിടന്നു, പരിഭ്രമിച്ചു. പിന്നെ എഴുന്നേറ്റു. അയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു.”2019ല്‍ ലണ്ടനില്‍ ഹാരിയും മേഗനും താമസിച്ചിരുന്ന നോട്ടിങ്ങാം കോട്ടേജിലെത്തി വില്യം കൈയേറ്റംചെയ്തു. കടുപ്പക്കാരി, മര്യാദയില്ലാത്തവള്‍, പരുക്കന്‍ സ്വഭാവക്കാരി എന്നൊക്കെ വില്യം മേഗനെ വിളിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ മേഗനെപ്പറ്റി പറയുന്നത് വില്യമും ഏറ്റുപാടുന്നുവെന്ന് ഹാരി പറയുന്നു. വാക്കേറ്റം കനത്തപ്പോഴാണ് ഹാരിയെ വില്യം തള്ളിത്താഴെയിട്ടത്. കുട്ടിക്കാലത്തെപ്പോലെ തിരിച്ചടിക്കാന്‍ വില്യം പറഞ്ഞു. ഹാരി അതു ചെയ്തില്ല. വില്യം തിരിച്ചുപോയി. പിന്നെ ‘പശ്ചാത്താപമുള്ളവനെപ്പോലെ തിരിച്ചുവന്നു മാപ്പു പറഞ്ഞു- ഹാരി എഴുതുന്നു. മെഗിനോട് (മേഗന്) ഇതെക്കുറിച്ചു പറയരുത് എന്നും പറഞ്ഞു. ഹാരി ഒന്നും മേഗനോടു പറഞ്ഞില്ല. പക്ഷേ, ശരീരത്തിലെ മുറിവുകളും പോറലുകളുംകണ്ട് അവര്‍ കാര്യം തിരക്കി. നടന്നത് ഹാരി പറഞ്ഞു. മേഗന് അദ്ഭുതം തോന്നിയില്ല. ദേഷ്യപ്പെട്ടുമില്ല. അവള് വളരെ സങ്കടപ്പെട്ടുവെന്നും ഹാരി എഴുതുന്നു.ബ്രിട്ടീഷ് മാധ്യമങ്ങളുടെ അധിക്ഷേപവും കൊട്ടാരത്തിലെ വിവേചനവും കാരണം, മകന് ആര്‍ച്ചിയുടെ ജനനശേഷം ഹാരിയും മേഗനും രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞ് കൊട്ടാരംവിട്ട് ഇപ്പോള്‍ യു.എസിലെ കാലിഫോര്‍ണിയയിലാണ് താമസം. ആര്‍ച്ചിയെ കൂടാതെ ലിലിബെറ്റ്, ഡയാന എന്ന മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്.