തൊഴിലും സംരംഭങ്ങളും ഒരുക്കി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും: മുഖ്യമന്ത്രി

തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും അതിലൂടെ കേരളത്തിന്റെ പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ പൊതു വളർച്ചയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ ലഭ്യമാക്കുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല അന്തരീക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സൃഷ്ടിക്കപ്പെടും. ഓരോ പ്രദേശത്തിന്റെയും സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതയ്ക്ക് അനുസരിച്ച് രൂപം നൽകുന്ന തൊഴിൽസഭകളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർണായക പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തൊഴിൽ സഭകളുടെ പ്രവർത്തനവും അതുവഴി ലക്ഷ്യംവെക്കുന്ന പ്രാദേശിക സാമ്പത്തിക വികസനവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആമുഖപ്രഭാഷണം നടത്തി.

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ ലഭിക്കുന്നില്ലായെന്ന പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ടാണ് തൊഴിൽ സൃഷ്ടിയ്ക്ക് ഊന്നൽ നൽകുന്ന നയങ്ങൾ സർക്കാർ മുന്നോട്ടുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാൽപത് ലക്ഷം തൊഴിലവസരങ്ങളാണ് ഇതിന്റെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടത്. ബഹുമുഖമായ ഇടപെടലുകളിലൂടെ ഇത്തരം ലക്ഷ്യങ്ങൾ സാധ്യമാക്കാനാവും എന്നുറപ്പുണ്ട്. അതിനായി നൈപുണി പരിശീലനം, വ്യവസായ പുനഃസംഘടന, കാർഷിക നവീകരണം, ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണം എന്നിങ്ങനെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന ബഹുമുഖമായ ഇടപെടലുകൾ ഫലം കാണുന്നു എന്നുതന്നെയാണ് സംസ്ഥാനത്തെ തൊഴിൽ വളർച്ചാനിരക്ക് സൂചിപ്പിക്കുന്നത്. 2020 ജനുവരിയിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 9 ശതമാനം ആയിരുന്നത് 2022 നവംബറിൽ 4.8 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ ലഭ്യമാക്കുന്ന കാര്യത്തിലും വികേന്ദ്രീകൃത മാതൃക പിന്തുടരാനാണ് സർക്കാർ തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഡിസ്‌ക് ആവിഷ്‌കരിച്ചിട്ടുള്ള ‘ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം – ഒരു ആശയം’ എന്ന പദ്ധതി നവീനമായ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഉപയോഗിക്കണം. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. മുഴുവൻ സ്ഥാപനങ്ങളും ഈ വർഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്‌കരിക്കണം. മാറുന്ന കാലത്തിന്റെ തൊഴിൽ സംസ്‌കാരത്തിനോടു യോജിച്ചുപോകുന്ന രീതിയിൽ തൊഴിൽ ചെയ്യുവാൻ വർക്ക് നിയർ ഹോം സെന്ററുകൾ, തൊഴിലന്വേഷകർക്കും കരിയർ ബ്രേക്ക് നേരിട്ട സ്ത്രീകൾക്കും വേണ്ടിയുള്ള നൈപുണ്യ പരീശിലനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാവണം വാർഷിക പദ്ധതികളെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Share
അഭിപ്രായം എഴുതാം