ത്രിപുരയില്‍ തിരക്കിട്ട നീക്കം: സഖ്യത്തിന് കോണ്‍ഗ്രസ്, സി.പി.എം.

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ത്രിപുരയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. സി.പി.എം. അടക്കം നാല് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണ്.സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളും ശക്തിയാര്‍ജിച്ചിട്ടുണ്ട്. പാര്‍ട്ടി എം.എല്‍.എമാരുടെ ചോര്‍ച്ച തടയാന്‍ ബി.ജെ.പി. നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും രംഗത്തുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അറിയിച്ചു.എന്നാല്‍, പ്രദ്യോത് ബിക്രം മാണിക്യദേബ് ബര്‍മന്റെ ടി.ഐ.പി.ആര്‍.എ. സഖ്യത്തോട് വലിയ താത്പര്യം കാണിച്ചിട്ടില്ല. ഒരു വര്‍ഷത്തിനിടെ ബി.ജെ.പി–ഐ.പി.എഫ്.ടി. സഖ്യത്തിലെ എട്ട് എം.എല്‍.എമാരാണു പ്രതിപക്ഷനിരയില്‍ ചേര്‍ന്നത്. ഇതില്‍ അഞ്ചും ബി.ജെ.പി എം.എല്‍.എമാരാണ്. ഇതോടെയാണ് അമിത് ഷാ സംസ്ഥാനത്തെത്തുന്നത്. അദ്ദേഹം ഇന്ന് രണ്ട് രഥയാത്രകള്‍ ഫ്ലാഗ്ഓഫ് ചെയ്യും. ഗോമതി ജില്ലയില്‍ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബിന്റെ കുടുംബ വീടിന് സമീപം സി.പി.എം, ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ത്രിപുരയിലെ രാജകുടുംബത്തില്‍നിന്നുള്ള പ്രദ്യോത് ബിക്രം മാണിക്യദേബിന്റെ പാര്‍ട്ടി സംസ്ഥാനത്ത് കരുത്താര്‍ജിക്കുന്നതായാണു സൂചന. 60 അംഗ ത്രിപുര നിയമസഭയിലേക്ക് 2018-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നേടിയത്.

Share
അഭിപ്രായം എഴുതാം