ലോകം സാമ്പത്തികമാന്ദ്യത്തിനരികിലാണെന്ന മുന്നറിയിപ്പുമായി രാജ്യാന്തര നാണ്യനിധി

വാഷിങ്ടണ്‍: ലോകം സാമ്പത്തികമാന്ദ്യത്തിനരികിലാണെന്ന മുന്നറിയിപ്പുമായി വീണ്ടും രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). ആഗോളതലത്തില്‍ മൂന്നിലൊന്നു രാജ്യങ്ങളും മാന്ദ്യത്തിന്റെ പിടിയിലാകുമെന്നും മുന്നറിയിപ്പ്.ഐ.എം.എഫ്. മേധാവി ക്രിസ്റ്റാലിന ജോര്‍ജീവയാണ് പുത്തന്‍ വര്‍ഷത്തിലെ ആഗോളസാമ്പത്തിക സ്ഥിതി സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചത്. കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 കൂടുതല്‍ ‘കാഠിന്യം’ നിറഞ്ഞതായിരിക്കുമെന്ന് അവര്‍ പറഞ്ഞു.

ആഗോളസമ്പദ്രംഗം മാന്ദ്യകാലത്തിന് അരികിലാണ്. നിലവില്‍ സാമ്പത്തികമായി സുസ്ഥിരമെന്ന് അവകാശപ്പെടുന്ന പല രാജ്യങ്ങള്‍ക്കും ഈ വര്‍ഷം തിരിച്ചടികളുടേതായിരിക്കും. യൂറോപ്യന്‍ യൂണിയനു പുറമേ അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപായനിഴലിലാണ്. ചൈനയ്ക്കാകും കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരിക. അടുത്ത ഏതാനും മാസത്തിനുള്ളില്‍ ചൈനയുടെ സാമ്പത്തികവളര്‍ച്ച നെഗറ്റീവ് തലത്തിലേക്കു വീഴാനാണു സാധ്യതയെന്നും ജോര്‍ജീവ പറഞ്ഞു.പത്തുമാസത്തിലേറെയായി തുടരുന്ന യുക്രൈന്‍ യുദ്ധത്തിന്റെ അനുരണനങ്ങള്‍ ആഗോളസമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സൂചനകളൊന്നുമില്ല. പണപ്പെരുപ്പത്തിലും പലിശനിരക്കിലുമുള്ള വര്‍ധനയാണ് ഇതിന്റെ പ്രത്യക്ഷ പ്രതിഫലനം.
പലരാജ്യങ്ങളെയും ഇതു സാമ്പത്തികമായി വലിഞ്ഞുമുറുക്കുകയാണ്. ഒപ്പം പുതിയ വകഭേദത്തിന്റെ രൂപത്തില്‍ കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയും ചെറുതല്ല. ഇവയെല്ലാം ആഗോളസമ്പദ് വ്യവസ്ഥയെ മറ്റൊരു മാന്ദ്യകാലത്തിലേക്ക് അതിവേഗം തള്ളിവിടും- ജോര്‍ജീവ പറഞ്ഞു.ഐ.എം.എഫിലെ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ലോകസമ്പദ് വ്യവസ്ഥയിലെ മൂന്നിലൊന്നും ഈ വര്‍ഷം മാന്ദ്യത്തിന്റെ പിടിയിലാകുമെന്നും ജോര്‍ജീവ വ്യക്തമാക്കി. മാന്ദ്യത്തിന്റെ പിടിയിലാകാത്ത രാഷ്ട്രങ്ങളിലെ ജനതഅതിനുസമാനമായ സ്ഥിതി അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

Share
അഭിപ്രായം എഴുതാം