ഭരണഘടനാ വിരുദ്ധ പരാമർശത്തിൻറെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ : ​ഗവർണർ നിയമോപദേശം തേടി

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണർ സ്റ്റാന്റിംഗ് കൗൺസിലിനോട് ആരാഞ്ഞത്.

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ 2023 ജനുവരി നാലിന് ബുധനാഴ്‍ചയാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥിരീകരിച്ചിരുന്നു.

ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ പ്രതികരിച്ചു. ഭരണഘടനെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് സജി ചെറിയാൻ ഇന്നും ആവർത്തിച്ചു. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അതിന് ശേഷം അഞ്ച് മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം