മാര്‍പ്പാപ്പമാര്‍ക്കിടയില്‍ നിലപാടുകള്‍കൊണ്ട് വ്യത്യസ്തത പുലര്‍ത്തിയ നേതാവായിരുന്നു ബെനഡിക്ട് പതിനാറാമാന്. കത്തോലിക്കാ സഭക്കുള്ളിലെ വിഷയങ്ങളില്‍ പോലും കര്‍ശനമായ നിലപാടെടുത്ത് മുന്നോട്ടുപോയ അദ്ദേഹം പലപ്പോഴും വിവാദച്ചുഴിയില്‍ പെട്ടു.ധാര്‍മ്മികതയുടെ കാവലാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം ഒരേസമയംതന്നെ യാഥാസ്തിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ടു.ജര്‍മ്മന്‍കാരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗ് മാര്‍പാപ്പ പദവിയിലെത്തിയതോടെയാണ് ബെനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. അനാരോഗ്യത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയാനുള്ള തീരുമാനം ലോകജനതയെ അമ്പരപ്പിച്ചിരുന്നു. പോപ്പ് പദവിയില്‍നിന്ന് ആറു നൂറ്റാണ്ടിനിടയിലുള്ള ആദ്യത്തെ സ്ഥാനത്യാഗമായിരുന്നു അദ്ദേഹത്തിന്റേത്. 2013 ഫെബ്രുവരിയില്‍ പദവിയൊഴിഞ്ഞശേഷം വത്തിക്കാന്‍ ഗാര്‍ഡനിലെ വസതിയിലായിരുന്നു വിശ്രമജീവിതം.
ജര്‍മന്‍ പ്രവിശ്യയായ ബവേറിയയിലെ മാര്ക്ത്തലില് 1927 ഏപ്രില്‍ 16 നാണ് ജോസഫ് റാറ്റ്സിംഗര്‍ ജനിച്ചത്. പോലീസ് ഓഫീസറായ ജോസഫ് റാറ്റ്സിംഗറും മരിയയുമാണു മാതാപിതാക്കള്‍. 1941-ല്‍ ഹിറ്റ്ലറുടെ സേനയില്‍ ചേര്‍ക്കപ്പെട്ട റാറ്റ്സിംഗര്‍ ജൂനിയര്‍ അവിടെ സജീവമാകാന്‍ തുനിഞ്ഞില്ല. 1945 ല്‍ സഹോദരന് ജോര്‍ജ് റാറ്റ്സിംഗറിനൊപ്പം കത്തോലിക്ക സെമിനാരിയില്‍ ചേര്‍ന്നു. 1951 ല്‍ വൈദികനായ അദ്ദേഹം 1977 ല്‍ മ്യൂണിക്കിലെ ആര്‍ച്ച്ബിഷപ്പായി. ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി 2005 ല്‍ മാര്പ്പാപ്പയാകുമ്പോള് പ്രായം 78.
സ്വവര്‍ഗരതി മുതല്‍ സ്ത്രീപൗരോഹിത്യം വരെ
സ്വവര്‍ഗരതി, ഭ്രൂണ ഹത്യ, വിവാഹപൂര്‍വ ലൈംഗികത, മദ്യാസക്തി, സ്ത്രീപൗരോഹിത്യം തുടങ്ങിയവക്കെതിരെ ബെനഡിക്ട് കൈക്കൊണ്ട ശക്തമായ നിലപാടുകളാണ്. പരിസ്ഥിതി വിഷയത്തിലും തന്റെ മുമ്പേ നടന്നവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു ഈ പാപ്പക്ക്. അദ്ദേഹം ഗ്രീന്‍ പോപ്പെന്ന് വിളിക്കപ്പെട്ടു.സഭയിലെ ഭിന്ന സ്വരങ്ങളോട് അദ്ദേഹം കാണിച്ച കാര്‍ക്കശ്യങ്ങളെ വിശ്വാസദാര്ഢ്യമായും സമര്‍പ്പണമായും വ്യാഖ്യാനിക്കാനുമാകില്ല. 2006ല്‍ റേഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സംസാരിക്കവേ അദ്ദേഹം നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ ധാരണാ വൈകല്യത്തിന്റെ നിത്യസ്മാരകമായി നിലനില്ക്കും. മുഹമ്മദ് നബി(സ) മതപ്രചാരണത്തിന് മനുഷ്യത്വവിരുദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവെന്നായിരുന്നു പോപ്പിന്റെ വിചിത്രമായ കണ്ടുപിടിത്തം. പിന്നെ അദ്ദേഹം അത് തിരുത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവിത രേഖയില്‍ കറുത്ത പാടായി ഇത്തരം കാര്യങ്ങളുമുണ്ടാകും.
വിവാദങ്ങള്‍
2010 മാര്‍ച്ച് 20ന് പുറപ്പെടുവിച്ച ഇടയ ലേഖനമാണ് അദ്ദേഹം നേരിട്ട വിവാദങ്ങളില്‍ ശക്തമായ ഒന്ന്. പുരോഹിതന്മാര് അരനൂറ്റാണ്ടിനിടെ നടത്തിയ ബാലലൈംഗിക പീഡനങ്ങളില്‍ പോപ്പിന്റെ ക്ഷമാപണമായിരുന്നു ഈ ഇടയ ലേഖനത്തിന്റെ ഉള്ളടക്കം.
”പുരോഹിതന്മാരില് നിന്ന് നിങ്ങള്ക്കുണ്ടായിട്ടുള്ളത് ക്രൂരമായ അപമാനമാണ്. സഭക്ക് മാപ്പ് നല്‍കാനും യോജിച്ചു പോകാനും നിങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. സഭയുടെ പേരില്‍ ഞാന്‍ പരസ്യമായി ലജ്ജയും ഖേദവും പ്രകടിപ്പിക്കുന്നു” ഇടയ ലേഖനത്തില്‍ അയര്‍ലന്‍ഡിലെ വിശ്വാസികളോട് പാപ്പ പറഞ്ഞു. ക്ഷാമപണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നു.
ജൂതന്മാരോടുള്ള സമീപനത്തിലും ആസ്ത്രേലിയയില്‍ സഭ നടത്തിയ വംശീയ വിവേചനത്തിലും ശാസ്ത്ര പ്രതിഭകളോട് കാണിച്ച ക്രൂരതകളിലും ക്ഷമ പറഞ്ഞ കത്തോലിക്കാ സഭ അടിസ്ഥാനപരമായ മാറ്റത്തിന് തയ്യാറാകുന്നില്ല. തെറ്റ് ചെയ്യുന്നു, കുമ്പസരിക്കുന്നു, പിന്നെയും തെറ്റ് ചെയ്യുന്നുവെന്ന് വിലയിരുത്തപ്പെട്ടു. അയര്‍ലന്‍ഡ് ഇടയലേഖനത്തിന്റെ സമയത്ത് വന്ന ഏറ്റവും ക്രൂരമായ ഒരു ആരോപണം പിന്നീട് പോപ്പിന്റെ സ്ഥാനത്യാഗത്തെപ്പോലും സ്വാധീനിച്ചിരിക്കാം.
ബാലപീഡകരോട് ക്ഷമിക്കാത്ത മാര്‍പാപ്പ
വൈദികരുള്‍പ്പെട്ട ബാലപീഡനക്കേസുകള്‍ ബെനഡിക്ട് പതിനാറാമനു കീഴിലും സഭയെ വിടാതെ പിന്തുടര്ന്നു. എന്നാല്‍ മുന്‍ഗാമികളില്‍നിന്നു വ്യത്യസ്തമായി, ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരേ കണ്ണടയ്ക്കാന്‍ ബെനഡിക്ട് മാര്‍പാപ്പാ തയാറായില്ല.
ബാലപീഡകരായ വൈദികരില്‍നിന്നു തിരുവസ്ത്രം തിരികെവാങ്ങാന്‍ അദ്ദേഹം കര്‍ശന നടപടിയെടുത്തു. സഭയിലെ ബാലപീഡകരില്‍ ഏറ്റവും കുപ്രസിദ്ധനായ അയര്‍ലന്‍ഡിലെ ഫാ. മാര്‍ഷ്യല്‍ മാസിയേലിനെതിരേ പ്രഖ്യാപിച്ച അന്വേഷണം ബെനഡിക്ടിലെ ഭരണാധികാരിയുടെ കാര്‍ക്കശ്യത്തിന് ഉദാഹരണമാണ്. എന്നാല്‍, ജര്‍മനിയില്‍ ആര്‍ച്ച് ബിഷപ്പായിരിക്കേ, നാല് ബാലപീഡനക്കേസുകളിലെങ്കിലും നടപടിയെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായി കഴിഞ്ഞവര്‍ഷം പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സ്ഥാനത്യാഗത്തിന് പിന്നില്‍ വത്തിലീക്സും?
ആരോഗ്യകാരണങ്ങള്‍ പറയുമ്പോഴും, വത്തിക്കാനിലെ അഴിമതികള്‍ തുറന്നുകാട്ടിയ വത്തിലീക്സ് വിവാദവും ബെനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗത്തിലേക്കു നയിച്ചതായി വിലയിരുത്തലുകളുണ്ട്. 2012-ല്‍ മാര്‍പാപ്പായുടെ പാചകക്കാരനായിരുന്ന പൗലോ ഗബ്രിയേലയാണ് അഴിമതി സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ടത്. ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാര്‍പാപ്പാ സ്വതന്ത്രചിന്താഗതിക്കാരനാണെന്നതും ചരിത്രത്തിന്റെ വൈരുധ്യമാണ്.