നാല് ജില്ലകളെ മറ്റ് ജില്ലകളുമായി ലയിപ്പിക്കാന്‍ അസം

ദിസ്പുര്‍/ന്യൂഡല്‍ഹി: അസംബ്ലി, ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയപരിധി നിശ്ചയിച്ചിരിക്കെ, നിലവിലെ നാല് ജില്ലകളെ മറ്റ് ജില്ലകളുമായി ലയിപ്പിക്കാന്‍ അസം. മണ്ഡല പുനര്‍നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച സമയപരിധിക്കു കേവലം ഒരുദിവസം മുമ്പാണ് മന്ത്രിസഭാ യോഗം ഇതിനുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

ന്യൂഡല്‍ഹിയിലാണ് യോഗം ചേര്‍ന്നത്. തീരുമാനം എടുത്തതിനു പിന്നാലെ ഇതുസംബന്ധിച്ച് വിജ്ഞാപനവുമിറക്കി. ലയനത്തോടെ 35 ജില്ലകള്‍ 31 ആയി കുറഞ്ഞു. താല്‍പര്യമില്ലെങ്കില്‍പോലും ഇത് ചെയ്യേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്ന് എടുത്ത തീരുമാനങ്ങളില്‍ എനിക്ക് അത്ര സന്തുഷ്ടിയില്ല. പക്ഷേ ചില സമയങ്ങളില്‍ ഭരണപരമായ ആവശ്യകതകളും അസമിന്റെ നല്ല ഭാവിയും കണക്കിലെടുത്ത് ചില നടപടികള്‍ കൈക്കൊള്ളേണ്ടി വരും. സംസ്ഥാനത്തെ ജനങ്ങളുടെ മൊത്തത്തിലുള്ള നന്മ മനസില്‍ വച്ച്… ശര്‍മ്മ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇതൊരു പരിവര്‍ത്തന ഘട്ടമാണ്. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞാല്‍ നാല് ജില്ലകളെ പുനരുജ്ജീവിപ്പിക്കും. അതേസമയം, നാല് ജില്ലകളിലെ ജുഡീഷ്യല്‍, പോലീസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം