മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ല

വത്തിക്കാന്‍ സിറ്റി: മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ല. ബെനഡിക്ട് പാപ്പ തീര്‍ത്തും അവശനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. തന്റെ മുന്‍ഗാമിക്കായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ഥിച്ചു. ബെനഡിക്ട് പതിനാറാമനെ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചു. ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നും വത്തിക്കാന്‍ വക്താവ് മത്തേയോ ബ്രൂണിയും അറിയിച്ചു.

ആരോഗ്യപരമായ കാരണങ്ങളാല്‍ 2013-ലാണ് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിയുന്നത്. 600 വര്‍ഷത്തിനിടെ, രാജിവെച്ച ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം. വത്തിക്കാനില്‍തന്നെയുള്ള ആശ്രമത്തില്‍ വിശ്രമജീവിതത്തിലാണ് 95 വയസ്സുള്ള അദ്ദേഹം. എമെരിറ്റസ് പോപ്പ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബെനഡിക്ട് പാപ്പയുടെ ശബ്ദം നഷ്ടമായെന്ന് മാള്‍ട്ടയിലെ കര്‍ദിനാള്‍ മരിയോ ഗ്രെഷ് 2020-ല്‍ അറിയിച്ചിരുന്നു. ജര്‍മന്‍കാരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ 2005 ഏപ്രിലിലാണ് ബെനഡിക്ട് പതിനാറാമന്നെ പേരില്‍ അധികാരത്തിലേറിയത്.

Share
അഭിപ്രായം എഴുതാം