കോവിഡ് : അടുത്ത 40 ദിവസം നിര്‍ണായകം ആവുന്നത് എന്ത്കൊണ്ട്?

ന്യൂഡല്‍ഹി: പുതുവര്‍ഷത്തുടക്കത്തില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമാനം. അടുത്ത 40 ദിവസം നിര്‍ണായകമെന്നും വിലയിരുത്തല്‍.മുന്‍കാല കോവിഡ് വ്യാപന രീതിയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ നിഗമനം. പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ പിടിയിലായി 30-35 ദിവസത്തിനുള്ളില്‍ ഇന്ത്യയിലും പുതിയ തരംഗം പ്രത്യക്ഷപ്പെടുന്നതാണു കഴിഞ്ഞകാല അനുഭവം. െചെനയില്‍ ഉള്‍പ്പെടെ ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എഫ്. 7 പോസിറ്റീവ് കേസുകള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും പ്രതീക്ഷിക്കുന്നു. പുതിയ വകഭേദത്തിനു വ്യാപനശേഷി കൂടുതലായിരിക്കും. െവെറസ്ബാധിതനായ ഒരാളില്‍നിന്ന് 16 പേര്‍ക്കുവരെ രോഗബാധയുണ്ടാകാം. എന്നാല്‍, പ്രഹരം അതിതീവ്രമാകില്ല. പുതിയ തരംഗത്തിനു വഴിവച്ചാല്‍പ്പോലും മരണങ്ങളും ആശുപത്രിവാസവും താരതമ്യേനെ കുറവായിരിക്കുമെന്നാണ് ആരോഗ്യമന്ത്രാലയം കരുതുന്നത്.

വിദേശങ്ങളില്‍ പുതിയ വകഭേദം പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ സൗകര്യങ്ങളും കാര്യക്ഷമതയും മുന്നൊരുക്കവും കഴിഞ്ഞദിവസം രാജ്യവ്യാപകമായി മോക്ക്ഡ്രില്ലും സംഘടിപ്പിച്ചിരുന്നു.

വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ്

രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല

തിങ്കളാഴ്ച 24 മണിക്കൂറിനുള്ളിൽ 1,35,000 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ 158 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ഒരാഴ്ചയിൽ പ്രതിദിനം ഇരുനൂറിനുള്ളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും പ്രതിരോധമാർ​ഗങ്ങൾ ഊർജിതമാക്കുകയാണ് സർക്കാർ.

ഒമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. ഗുജറാത്തിലും ഒഡീഷയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും ​പ്രായമായവരും ​ഹൃദ്രോ​ഗം, ഡയബറ്റിസ്, ശ്വാസകോശരോ​ഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ബി.എഫ്.7 വകഭേദം

അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുവിടങ്ങളിൽ മാസ്ക് ധരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും കേന്ദ്രആരോ​ഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നുമാണ് ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയത്.

Share
അഭിപ്രായം എഴുതാം