വീണ്ടും യുദ്ധമോ? കൊസോവോ-സെര്‍ബിയ സംഘര്‍ഷത്തിനു പിന്നിലെ കാരണങ്ങള്‍

കൊസോവോ-സെര്‍ബിയ സംഘര്‍ഷം ലോകം മറ്റൊരു യുദ്ധ ഭീഷണിയുടെ മുന്നിലാണെന്ന ഭയം ഉണ്ടാക്കിയിരിക്കുകയാണ്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വംശീയകലാപം ശക്തമായ കൊസോവോയിലെ മിട്രോവിക നഗരത്തില്‍ റോഡുകള്‍ സെര്‍ബ് വംശജര്‍ ഉപരോധിച്ചിരിക്കുകയാണ്. സെര്‍ബ് പ്രക്ഷോഭകരെ കൊസോവോ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയേക്കുമെന്ന സൂചനയേത്തുടര്‍ന്ന് സെര്‍ബിയന്‍ സൈന്യത്തോടു യുദ്ധസജ്ജരാകാന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക് നിര്‍ദേശിക്കുകയും ചെയ്തതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതോടെയാണ് തെക്കുകിഴക്കന്‍ യൂറോപ്പ് യുദ്ധഭീതിയിലായത്. ഭയക്കേണ്ട സാഹചര്യമില്ലെങ്കിലും ആശങ്കയ്ക്കു വകയുണ്ടെന്നാണ് സെര്‍ബിയന്‍ പ്രതിരോധമന്ത്രി മിലോസ് വുകെവിക് വ്യക്തമാക്കുന്നത്.

തുടക്കം പോലിസുകാരന്റെ അറസ്റ്റില്‍

സെര്‍ബ് വംശജനായ മുന്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് കഴിഞ്ഞ 10 മുതല്‍ വടക്കന്‍ കൊസോവോയിലെ മിട്രോവിക നഗരത്തില്‍ വംശീയസംഘര്‍ഷം രൂക്ഷമാണ്. റോഡുകള്‍ ഉപരോധിച്ച സെര്‍ബ് വംശജരും പോലീസുമായി പലയിടത്തും പരസ്പരം വെടിവയ്പ്പുണ്ടായി.ക്രിമിനല്‍ സംഘങ്ങളുമായി ചര്‍ച്ചയ്ക്കില്ലെന്നും റോഡുകള്‍ ഉപരോധിക്കാന്‍ അനുവദിക്കില്ലെന്നും കൊസോവോ സര്‍ക്കാര്‍ വ്യക്തമാക്കി. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പോലീസിനു ശേഷിയുണ്ടെങ്കിലും നാറ്റോയുടെ സമാധാനദൗത്യസേനയ്ക്കായി കാത്തിരിക്കുകയാണെന്ന നിലപാടിലാണു കൊസോവോ സര്‍ക്കാര്‍. കൊസോവോയില്‍ ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും സമാധാനചര്‍ച്ചകളെ ബാധിക്കുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സമാധാനദൗത്യസേന അഭ്യര്‍ഥിച്ചു.അല്‍ബേനിയന്‍ ഭൂരിപക്ഷമേഖലയിലേക്കുള്ള റോഡുകളില്‍ ട്രക്കുകള്‍ നിരത്തിയാണു സെര്‍ബ് വംശജര്‍ ഉപരോധം തീര്‍ത്തിരിക്കുന്നത്. അറസ്റ്റിലായ പോലീസുകാരനെ വിട്ടയയ്ക്കുന്നതുള്‍പ്പെടെ ആവശ്യങ്ങള്‍ അംഗീകരിച്ചാലേ റോഡ് ഉപരോധം പിന്‍വലിക്കൂവെന്നാണു സെര്‍ബുകളുടെ നിലപാട്.

കൊസോവോ-സെര്‍ബിയ സംഘര്‍ഷത്തിനു കാരണം

അല്‍ബേനിയന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ കൊസോവോയില്‍ അരലക്ഷത്തോളം സെര്‍ബുകളാണുള്ളത്. ഇവര്‍ കൊസോവോ സര്‍ക്കാരിനെ അംഗീകരിക്കുന്നില്ല. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിനെയാണു കൊസോവോയിലെ സെര്‍ബുകള്‍ തലസ്ഥാനമായി അംഗീകരിക്കുന്നത്.സെര്‍ബിയയുടെ പിന്തുണയും കൊസോവോയിലെ സെര്‍ബ് വംശജര്‍ക്കുണ്ട്. 2008-ലാണു സെര്‍ബിയയില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കൊസോവോ പ്രത്യേകരാഷ്ട്രമായത്. സെര്‍ബിയന്‍ സര്‍ക്കാര്‍ മുമ്പ് നല്‍കിയ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ പിന്‍വലിക്കാനുള്ള കൊസോവോ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെര്‍ബിയന്‍ വംശജരായ നഗരസഭാ മേയര്‍മാരും ജഡ്ജിമാരും 600 പോലീസുകാരും കഴിഞ്ഞമാസം രാജിവച്ചിരുന്നു.

Share
അഭിപ്രായം എഴുതാം