ലഖ്‌നൗ: മറ്റു പിന്നോക്ക വിഭാഗങ്ങള്‍(ഒ.ബി.സി.)ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണം നല്‍കുമെന്നും ഇതിനായി സുപ്രീം കോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംവരണം ഏര്‍പ്പെടുത്തും മുമ്പ് തെരഞ്ഞെടുപ്പ് നടത്തില്ല. ഉടന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.നഗരസഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരട് വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി ഒ.ബി.സി. സംവരണം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആദിത്യനാഥിന്റെ പ്രതികരണം. ഉടന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും കോടതി നിര്‍ദേശം നല്‍കി. 17 മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാര്‍, 200 മുനിസിപ്പല്‍ കൗണ്‍സില്‍, 545 നഗര്‍ പഞ്ചായത്ത് ചെയര്‍പഴ്‌സണ്‍മാര്‍ സ്ഥാനങ്ങള്‍ സംവരണസീറ്റായി പ്രഖ്യാപിച്ചുകൊണ്ട് ഈ മാസം അഞ്ചിനു യു.പി. സര്‍ക്കാര്‍ താല്‍ക്കാലിക പട്ടിക പുറത്തിറക്കിയിരുന്നു.
ഇതില്‍ അലിഗഡ്, മഥുര-വൃന്ദാവന്‍, മീററ്റ്, പ്രഗ്യരാജ് മേയര്‍ സ്ഥാനങ്ങള്‍ ഒ.ബി.സി. സംവരണമാണ്. 200 മുനിസിപ്പല്‍ കൗണ്‍സിലിലും 147 നഗര്‍ പഞ്ചായത്തുകളിലും ചെയര്‍പഴ്‌സണ്‍ സ്ഥാനവും ഒ.ബി.സി. സ്ഥാനാര്‍ഥികള്‍ക്കാണ്.സുപ്രീം കോടതി നിര്‍ദേശിച്ചപ്രകാരമുള്ള സര്‍വേ നടത്താതെ ഒ.ബി.സി. സംവരണം ഏര്‍പ്പെടുത്തിയതിനെതിരേ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും രംഗത്തുവന്നു.സര്‍ക്കാര്‍ നീക്കത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജികളും വന്നു. സംവരണം ഏര്‍പ്പെടുത്തും മുമ്പ് മറ്റു പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയമിക്കണമെന്നും സംസ്ഥാനം സുപ്രീം കോടതിയുടെ ഫോര്‍മുല പിന്തുടരണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.