മെല്‍ബണ്‍: കഴിഞ്ഞകാലങ്ങളില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മികച്ച തുടക്കം ലഭിച്ചിട്ടും മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ ഉഴറിയ താരത്തിനെതിരേ വിമര്‍ശകരും രംഗത്തെത്തി.എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ നൂറാം മത്സരത്തില്‍ ഇരട്ട സെഞ്ചുറിയുമായി താരം വിമര്‍ശകരുടെ വായടപ്പിച്ചു. നൂറാം മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരവും ലോകത്തിലെതന്നെ രണ്ടാമത്തെ മാത്രം ബാറ്ററുമാണ് ഈ ഇടംകൈയന്‍ ബാറ്റര്‍. ഇം ണ്ടിന്റെ ജോ റൂട്ടാണ് ഈ പട്ടികയിലുള്ള ഏക ബാറ്റര്‍. 2021-ല്‍ ഇന്ത്യയ്ക്കെതിരെയാണ് ജോ റൂട്ട് 100-ാം ടെസ്റ്റില്‍ 200 റണ്‍ അടിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ മൂന്നാം ഇരട്ടസെഞ്ചുറിയാണ് ഇന്നലെ വാര്‍ണര്‍ എം.സി.ജിയില്‍ കുറിച്ചത്. ഒപ്പം ടെസ്റ്റില്‍ 8,000 റണ്‍ തികയ്ക്കാനും വാര്‍ണര്‍ക്കായി. വ്യക്തിഗത സ്‌കോര്‍ 81-ല്‍ എത്തിയപ്പോഴായിരുന്നു വാര്‍ണറുടെ ഈ നേട്ടം. ഓസ്‌ട്രേലിയക്കായി ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് വാര്‍ണര്‍.കഴിഞ്ഞ 10 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് വാര്‍ണറുടെ അക്കൗണ്ടില്‍ സെഞ്ചുറികളൊന്നും എത്തിയിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പൂജ്യം, മൂന്ന് എന്നിങ്ങനെയായിരുന്നു സ്‌കോര്‍.പാകിസ്താനെതിരായ ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും നേടിയ അര്‍ധസെഞ്ചുറികള്‍ മാത്രമായിരുന്നു വാര്‍ണര്‍ക്ക് എടുത്തുകാട്ടാനുണ്ടായിരുന്നത്. ഇതു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചവരെ മെല്‍ബണിലെ പ്രകടനത്തിലൂടെ നിശബ്ദരാക്കാനും താരത്തിനായി.