നൂറിന്റെ നിറവില്‍ ഇരുനൂറിന്റെ തിളക്കം

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. കരിയറിലെ തന്റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ടസെഞ്ചുറിയുമായി വാര്‍ണര്‍ നെടുംതൂണായപ്പോള്‍ രണ്ടാം ദിനം ആതിഥേയര്‍ കളിനിര്‍ത്തിയത് മൂന്നു വിക്കറ്റിന് 386 റണ്ണില്‍. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 189 റണ്ണിനു കൂച്ചിക്കെട്ടിയ ഓസ്‌ട്രേലിയയ്ക്ക് 197 റണ്ണിന്റെ ലീഡ്.

ട്രാവിസ് ഹെഡും (48), അലക്‌സ് കാരി(ഒന്‍പത്)യുമാണ് ക്രീസില്‍. വാര്‍ണര്‍ക്കു പുറമേ സ്റ്റീവന്‍ സ്മിത്ത് 85 റണ്ണുമായി ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനു കരുത്തേകി. ഇരട്ടസെഞ്ചുറി തികച്ചശേഷം വാര്‍ണറും ആറു റണ്ണില്‍നില്‍ക്കെ കാമറൂണ്‍ ഗ്രീനും റിട്ടയര്‍ ഹര്‍ട്ടായി ഡ്രസിങ് റൂമിലേക്കു മടക്കി. മെല്‍ബണിലെ കൊടുംചൂട് താങ്ങാന്‍ കഴിയാതെയാണ് ഇരുവരും തിരികെക്കയറിയത്. ഒരുവിക്കറ്റ് നഷ്ടത്തില്‍ 45 റണ്ണെന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടര്‍ന്ന ഓസ്‌ട്രേലിയയുടെ രണ്ടാം വിക്കറ്റ് 75-ല്‍ വീണു. 35 പന്തില്‍ 14 റണ്ണുമായി മാര്‍നസ് ലാബുഷെയ്ന്‍ റണ്ണൗട്ടായി. അതിനുശേഷമാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. സ്റ്റീവന്‍ സ്മിത്തില്‍ പറ്റിയ പങ്കാളിയെ കണ്ടെത്തിയ വാര്‍ണര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തച്ചുടച്ചു. നൂറാം ടെസ്റ്റ് മത്സരത്തില്‍ ആദ്യം സെഞ്ചുറിയും പിന്നാലെ ഇരട്ടസെഞ്ചുറിയും നേടി ഓപ്പണര്‍ ആരാധകരെ ത്രസിപ്പിച്ചു. ഇതിനിടയില്‍ അര്‍ധസെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത് പുറത്തായി. 161 പന്തില്‍ 85 റണ്ണായിരുന്നു സ്മിത്തിന്റെ സംഭാവന. ഒന്‍പതു ഫോറും ഒരു സിക്‌സും ഇന്നിങ്‌സിനു ചാരുതയേകി. 75-ല്‍ ഒത്തുചേര്‍ന്ന കൂട്ടുകെട്ട് 314-ലാണ് പിരിഞ്ഞത്. ഒടുവില്‍ ഓസീസ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി.

ലുന്‍ഗി എന്‍ഗിഡിയെ ഫോറടിച്ച് വാര്‍ണര്‍ ഇരുനൂറിലെത്തി. 254 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും പറത്തിയാണ് വാര്‍ണര്‍ നാഴികക്കല്ല് താണ്ടിയത്. ഇതിനുപിന്നാലെ കൊടുംചൂടില്‍ ശാരീരിക അസ്വസ്ഥത മൂര്‍ച്ഛിച്ച് താരം ഗ്രൗണ്ട് വിടുകയും ചെയ്തു.പിന്നാലെ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനും കാലാവസ്ഥ വില്ലനായി.അര്‍ധസെഞ്ചുറിക്കരികെ 48 റണ്ണുമായി ട്രാവിസ് ഹെഡും ഒന്‍പതു റണ്ണുമായി അലക്‌സ് കാരിയുമാണ് കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡയും ആന്റിച്ച് നോക്കിയയും ഓരോ വിക്കറ്റ് വീഴ്ത്തി.

Share
അഭിപ്രായം എഴുതാം