ബഫർ സോൺ: ഫീൽഡ് സർവ്വേ വേഗത്തിലാക്കും, സർക്കാർ നിലപാട് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് തന്നെ: മന്ത്രി രാജൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുൾപ്പെടെ ബഫർ സോണിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സർക്കാർ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

സർക്കാർ നിലപാടിൽ കൺഫ്യൂഷൻ വേണ്ടതില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണെന്നും മന്ത്രി ആവർത്തിച്ചു. ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ സർവ്വേ കോടതി ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ കഴിയില്ല എന്ന് നിലപാടെടുക്കാനാകില്ല. സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീൽഡ് സർവ്വേ ഏറ്റവും വേഗതയിൽ നടക്കും. സർവ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ്ങ് നൽകും. 2022 ഡിസംബർ 26 മുതൽ സർവ്വേ തുടങ്ങും. ഭൂമി തരം മാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കും.

അതേ സമയം, ബഫർസോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും വിശദീകരിച്ചു. ഇതിന് വേണ്ടി നിയമപരമായി പരമാവധി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കേസ് വരാനിടയുണ്ട്. സുപ്രീംകോടതി തീയതി തീരുമാനിച്ചില്ല. അതുകൂടി കേട്ടത് കൊണ്ടാണ് നടപടികൾ വേഗത്തിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ബഫര്‍ സോണ്‍ വിഷത്തില്‍ ഫീൽഡ് സർവേ തുടങ്ങാൻ തീയതി നിശ്ചയിക്കേണ്ട കാര്യമില്ല. പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതി കിട്ടുന്ന മുറയ്ക്ക് സർവേ തുടങ്ങും. വാർഡ് അംഗം, വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നാകും ഫീൽഡ് സർവേ നടത്തുക. നിലവിൽ പ്രസിദ്ധീകരിച്ച 2021 ലെ ഭൂപടവും സീറോ ബഫര്‍ സോണ്‍ റിപ്പോർട്ടും നോക്കി ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. 2022 ഡിസംബർ 28 ന് ഹെല്പ് ഡസ്ക് തുടങ്ങും. എല്ലാ നടപടികളും 2023 ജനുവരി 7 ഓടെ തീർത്ത് റിപ്പോർട്ട് തയാറാക്കുമെന്നും വനം മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം