കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനി പുനഃരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. രേണു രാജ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലത്ത് ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
കോളനി പ്രദേശത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചു നീക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം ഇടപെടും.
പ്രദേശത്ത് നിലവിൽ തകരാറിലായി കിടക്കുന്ന ഫെൻസിങ് സംവിധാനം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാനും വാച്ചർമാരെ താൽക്കാലികമായി നിയമിക്കാനും ധാരണയായി.
പന്തപ്ര കോളനിയിലെ പ്രശ്നങ്ങൾ കഴിയുന്നതും വേഗത്തിൽ പരിഹരിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. കോളനിയിലെ വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി. ഒന്നിടവിട്ട ആഴ്ചകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്താനും കളക്ടർ പറഞ്ഞു.
കോളനിയിലേക്കുള്ള റോഡ് നിർമ്മാണവും കാലതാമസം കൂടാതെ പൂർത്തീകരിക്കേണ്ടത് ആവശ്യമാണെന്ന് യോഗം വിലയിരുത്തി. കോളനി പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ആവശ്യമായ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ അടിയന്തരമായി പരിഗണിക്കുമെന്നും കളക്ടർ അറിയിച്ചു. രണ്ട് മാസത്തിലൊരിക്കൽ ഇതുസംബന്ധിച്ച അവലോകനയോഗം ചേരാനും തീരുമാനിച്ചു.
കോതമംഗലം പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഡപ്യൂട്ടി കളക്ടർ ( എൽ.ആർ ) ജെസ്സി ജോൺ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവി കുമാർ മീണ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, തഹസിൽദാർമാരായ റേച്ചൽ കെ. വർഗീസ്, കെ.എം നാസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ അനിൽ ഭാസ്‌കർ, മറ്റ് ജനപ്രതിനിധികൾ, കോളനി നിവാസികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.