അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിനോടു ചേര്‍ന്നുള്ള ചൈനയുടെ ഇരട്ട ഉപയോഗ വിമാനത്താവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് അരുണാചലിലെ തവാങ്ങില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണിത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്നു ഏകദേശം 155 കിലോമീറ്റര്‍ വടക്കായാണു സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ചൈനീസ് വിമാനത്താവളം. ഇവിടെയുള്ള ചൈനീസ് വ്യോമസേനയുടെ വ്യോമത്താവളത്തില്‍ ആക്രമണസജ്ജമായ യുദ്ധവിമാനങ്ങളും നിരീക്ഷണസംവിധാനങ്ങളും ആളില്ലാ വിമാനങ്ങളും വിന്യസിച്ചതായാണു സൂചന.

വ്യാഴം (15.12.2022), വെള്ളി (16.12.2022) ദിവസങ്ങളില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചതിനു പിന്നാലെയാണിത്. യുദ്ധവിമാനങ്ങളും ചരക്കുവിമാനങ്ങളും ഹെലികോപ്ടറുകളും ഡ്രോണുകളും പ്രകടനത്തില്‍ പങ്കെടുക്കും. എന്നാല്‍, ഇത് നേരത്തെ തീരുമാനിച്ച പതിവ് വ്യോമാഭ്യാസ പ്രകടനമാണെന്നും തവാങ് സംഘര്‍ഷവുമായി ഇതിനു ബന്ധമില്ലെന്നും വ്യോമസേന അറിയിച്ചു.

അതേസമയം, അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്നും സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പൂര്‍ണപിന്തുണ നല്‍കുന്നതായും യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു.
ചൈനയുമായുള്ള സംഘര്‍ഷം പാര്‍ലമെന്റിലും ചര്‍ച്ചയായി. ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബര്‍ല ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി. അരുണാചലിലെ തവാങ്ങില്‍ ഈ മാസം ഒമ്പതിനാണു ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ ഏറ്റുമുട്ടിയത്. കടന്നുകയറി ഇന്ത്യന്‍ പ്രദേശം കൈയടക്കാനുള്ള ചൈനീസ് സൈനികരുടെ നീക്കം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും ചൈനീസ് സൈനികരെ മടക്കി അയച്ചെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം