തുടര്‍സമരം പ്രഖ്യാപിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ തുടരാന്‍ കൊച്ചിയില്‍ ചേര്‍ന്ന സമരസമിതി സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനം. പദ്ധതി ഉപേക്ഷിച്ചെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പു ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സമരക്കാരുടെ തീരുമാനം. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന സമിതി പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. അടുത്ത നിയമസഭാ സമ്മേളനകാലത്ത് നിയമസഭ വളയുമെന്ന് യോഗത്തിനുശേഷം സമരസമിതി കണ്‍വീനര്‍ രാജീവന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരു കോടി ആളുകള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കും. പദ്ധതി പിന്‍വലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം. സില്‍വര്‍ലൈന്‍ വിജ്ഞാപനം റദ്ദാക്കണം. കേസുകള്‍ പിന്‍വലിക്കണം. ”കെ-റെയില്‍ വരില്ല കെട്ടോ, ശ്രമിച്ചാല്‍ തൃക്കാക്കര ആവര്‍ത്തിക്കു”മെന്ന കാമ്പയിന്‍ തുടങ്ങും. സര്‍ക്കാരിനെതിരേ ഒപ്പുശേഖരണം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തത്വത്തിലുള്ള അനുമതി റദ്ദാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേമന്ത്രിക്കു നിവേദനം നല്‍കും. കേസുകളില്‍ ഭയപ്പെടില്ല. ജീവന്‍ കളയാന്‍പോലും തയ്യാറായാണ് സമരത്തിനിറങ്ങുന്നത്. ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →