ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് : മുൻകൂർ ജാമ്യം അനുവദിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി ജാമ്യാപേക്ഷ പുതുതായി കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം

കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ മുൻ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഹൈക്കോടതി ശനിയാഴ്ചകളിൽ പ്രത്യേക സിറ്റിങ് നടത്തും. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ 2022 ഡിസംബർ15 നു പരിഗണിക്കാനായി ജസ്റ്റിസ് വിജു ഏബ്രഹാം മാറ്റി.

ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ (പിന്നീട് ഗുജറാത്ത് ഡിജിപി) ആർ.ബി.ശ്രീകുമാർ, മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ്, മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ. മെയ്‌നി, മുൻ പൊലീസ് ഉദ്യോഗസ്ഥരായ വിജയൻ, തമ്പി.എസ്. ദുർഗാദത്ത് എന്നിവരുടെ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

മുൻകൂർ ജാമ്യം അനുവദിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി ജാമ്യാപേക്ഷ പുതുതായി കേൾക്കാൻ ഹൈക്കോടതിക്കു നിർദേശം നൽകിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. എത്രയും വേഗം ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാക്കാൻ നിർദേശിച്ച ബെഞ്ച്, ഹൈക്കോടതിക്കു 4 ആഴ്ചയാണു നൽകിയത്. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതു ചോദ്യം ചെയ്ത് സിബിഐ ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Share
അഭിപ്രായം എഴുതാം