16 സംസ്ഥാനങ്ങളില്‍ ബി.ജെ.പി, കോണ്‍ഗ്രസ് സഖ്യം അഞ്ചിടത്ത്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടപ്പെട്ടതോടെ ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, അസം, ത്രിപുര, മണിപ്പുര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കുന്നത്. മറുവശത്ത്, ഹിമാചല്‍ വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമാണ് മറ്റു രണ്ട് സംസ്ഥാനങ്ങള്‍. ജാര്‍ഖണ്ഡിലും ബിഹാറിലും മഹാസഖ്യത്തിന്റെ ഭാഗമായും കോണ്‍ഗ്രസ് ഭരണത്തിലുണ്ട്.

സിക്കിം, മിസോറം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ എന്‍.ഡി.എ. സഖ്യകക്ഷികളാണ് ഭരണത്തില്‍. മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ പക്ഷമാണ് നേതൃത്വത്തിലെങ്കിലും കടിഞ്ഞാണ്‍ ബി.ജെ.പിക്കാണ്. ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ നയിക്കുന്നു. തെക്കുകിഴക്കന്‍ മേഖലയിലുള്ള മറ്റ് ആറു പ്രധാന സംസ്ഥാനങ്ങളില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, എ.എ.പി ഇതരകക്ഷികളാണ് ഭരണത്തില്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒഡിഷയില്‍ ബി.ജെ.ഡിയും തെലങ്കാനയില്‍ ബി.ആര്‍.എസും ആന്ധ്രപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ ഡി.എം.കെയും വന്‍ ഭൂരിപക്ഷത്തിലാണ് ഭരണം.കേരളത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ സി.പി.എം നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരും.

കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, തെലങ്കാന, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങള്‍ അടുത്ത വര്‍ഷവും 2024ന്റെ തുടക്കത്തിലുമായി തെരഞ്ഞെടുപ്പിലേക്കു നീങ്ങും. മധ്യപ്രദേശ്, ഒഡിഷ, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ്.

Share
അഭിപ്രായം എഴുതാം